Thursday, June 20, 2013

ഗുല്‍മെഹക്: കണ്ണീര്‍ക്കടലിന്‍ നടുവിലൊരു പാക്കിസ്ഥാനി പെണ്‍കുട്ടി

പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് നിഷ ജെബിയുടെ ബ്ളോഗ് ഇവിടെ ഞാന്‍ പകര്‍ത്തുകയാണ്.
My this blog post is copy of the said blog post of Ms.Nisha Jebi, who is now working in Manoram News.
I'm re-posting this blog through my blog only because it touched me. For a moment, I thought about Pakistan, the People living there, the massacres happening there, the non-peace atmosphere.... etc.





ഗുല്‍മെഹക്: കണ്ണീര്‍ക്കടലിന്‍ നടുവിലൊരു പാക്കിസ്ഥാനി പെണ്‍കുട്ടി
നിഷ ജെബി19-6-2013




ഗുല്‍മെഹക്. സുഗന്ധം പരത്തുന്ന പുഷ്പമെന്നാണ് ഗുല്‍മെഹക് എന്ന വാക്കിന്‍റെ അര്‍ത്ഥം. ബാങ്കോക്കിലെ സലഡാങ് ക്രിസ്ത്യന്‍ ഗസ്റ്റ് ഹൗസില്‍ അല്‍പം എരിവുള്ള ഭക്ഷണം തേടി നടക്കുമ്പോഴാണ് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച. ഒറ്റനോട്ടത്തില്‍ പഞ്ചാബിയാണെന്നു തോന്നിയ അവളോട് ഇന്ത്യയില്‍ നിന്നാണോയെന്ന് ഞാന്‍ ചോദിച്ചു. പാക്കിസ്ഥാനില്‍ നിന്നാണെന്ന് പറഞ്ഞ് അവളെനിക്ക് കൈ തന്നു.



ഏഷ്യന്‍ രാജ്യങ്ങളിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചുള്ള ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഞങ്ങള്‍. ക്രിസ്റ്റ്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യയാണ് സംഘാടകര്‍. ഒട്ടും എരിവില്ലാത്ത തായ് ഭക്ഷണത്തില്‍ അല്‍പം കുരുമുളകു പൊടിയും ഉപ്പും ചേര്‍ത്ത്, പുതിയ കണ്ടെത്തലില്‍ പൊട്ടിച്ചിരിച്ച് ഞങ്ങള്‍ സൗഹൃദമാരംഭിച്ചു.
പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്നുള്ള ഗുല്‍മെഹകിന് ഞാന്‍ കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ വളരെ സന്തോഷമായി. കണ്ടിട്ടില്ലെങ്കിലും കേരളം ഏറെ മനോഹരമായ സ്ഥലമാണെന്ന് ഗുല്ലിന് അറിയാം. കേരളത്തില്‍ വരണമെന്ന് ആഗ്രഹം പറഞ്ഞു. തൊട്ടുപിറകെ തിരുത്തിപ്പറഞ്ഞു, അല്ലെങ്കില്‍ വേണ്ട, പാക്കിസ്ഥാനിയായ ഞാന്‍ ഇന്ത്യയില്‍ നിങ്ങളുടെ അതിഥിയായി വന്നാല്‍ അത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവും. ഇടയ്ക്കിടെ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിമാനത്താവളത്തില്‍ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങള്‍ നേരിടണം. ഫോണ്‍ വിളികള്‍ പോലും നിരീക്ഷിക്കപ്പെടും. എന്നെ ബുദ്ധിമുട്ടിക്കാന്‍ ഗുല്ലിന് താല്‍പര്യമില്ല.



ജന്മനാടിനെ ഏറെ സ്നേഹിക്കുന്നുണ്ടെങ്കിലും പാക്കിസ്ഥാനില്‍ ജനിച്ചുപോയതുകൊണ്ട് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഗുല്‍ എന്നോട് വിവരിച്ചു. ലഹോറിലെ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനനം. ക്രിസ്ത്യാനികള്‍ തൊട്ടുകൂടാത്തവരാണ് അവളുടെ നാട്ടില്‍. തീണ്ടലും തൊടീലും ഇപ്പോഴും നിലനില്‍ക്കുന്നു. പ്രമുഖസമുദായത്തിലെ ഒരുവിഭാഗത്തില്‍ നിന്നും പലരീതിയിലുള്ള അവഹേളനങ്ങള്‍.
അന്യജാതിക്കാരുടെ കിണറില്‍ നിന്നും ഒരു കപ്പ് വെള്ളം കുടിച്ചതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന അസിയ ബീബി എന്ന ക്രിസ്ത്യന്‍ വനിതയുടെ കഥ പറയുമ്പോള്‍ ഗുല്ലിന്‍റെ തിളക്കമുള്ള കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. തെഹ്്രികെ താലിബാന്‍റെ ഭീഷണി ശക്തമായപ്പോള്‍ ഗുല്‍ പഠിക്കുന്ന കോളജില്‍ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ ഒരു മതില്‍ തന്നെ കെട്ടിപ്പൊക്കി അധികൃതര്‍. വെടിയൊച്ചകളും സ്ഫോടനങ്ങളും പതിവുകാഴ്ച. 
ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട ദിവസം അക്രമാസക്തമായ ജനക്കൂട്ടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടത് എങ്ങനെയെന്ന് ഗുല്‍ വിവരിച്ചപ്പോള്‍ വിറങ്ങലിച്ചു പോയത് ഞാന്‍ മാത്രമല്ല, കേട്ടിരുന്ന ഞങ്ങളുടെ മലേഷ്യന്‍ സുഹൃത്ത് ‘എ ചിയാ’യും.




അടുത്തദിവസം ഗുല്‍, ബാങ്കോക്കില്‍ അവളുടെ സുഹൃത്തിന്‍റെ വീട്ടിലേക്ക് എന്നെയും ക്ഷണിച്ചു. ഇന്ത്യന്‍ ചപ്പാത്തിയും ദാലും ലഭിക്കുമെന്ന വാഗ്ദാനം കൂടിയായപ്പോള്‍ ഞാന്‍ കൂടെപ്പോയി. ബാങ്കോക്കിലെ ഒരു ഇടുങ്ങിയ തെരുവ്. നാല് മുറികളിലായി നാല് പാക്കിസ്ഥാനി ക്രിസ്ത്യന്‍ കുടുംബങ്ങള്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനം മൂലം സ്വന്തം രാജ്യമുപേക്ഷിച്ച് ഓടിപ്പോന്നവര്‍. ഗുല്ലിന്‍റെ അയല്‍വാസികള്‍. തായലന്‍റില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണിവര്‍. എണ്‍പതുവയസുള്ള മെഹര്‍ബാനു മുതല്‍ ഒരു മാസം പ്രായമുള്ള നാനു വരെ. ഓരോ കുടുംബത്തിനും ഒരു മുറിമാത്രം. കിടക്കുന്നതും പാചകം ചെയ്യുന്നതുമെല്ലാം അതിനുള്ളില്‍.
മുഖ്യസമുദായത്തില്‍ നിന്നുള്ള അവഹേളനവും പീഡനവും സഹിക്കവയ്യാതായപ്പോള്‍ ലാഹോറിലെ സ്വത്തെല്ലാം കിട്ടിയ വിലയ്ക്ക് വിറ്റിട്ട് രാജ്യംവിട്ടു. തായ്-ലാന്‍റില്‍ ജോലി ചെയ്ത് സമ്പാദിക്കാനാവില്ല. കയ്യിലുള്ള പണം തീരുംമുമ്പ് ഏതെങ്കിലും ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ അഭയം തേടണം. അതാണ് ലക്ഷ്യം. ഒറ്റമുറിയില്‍ ഞങ്ങള്‍ക്കായി സ്വാദിഷ്ഠമായ ബിരിയാണിയും ചപ്പാത്തിയും വിളമ്പുന്നതിനിടെ കുടുംബാംഗങ്ങള്‍ പാക്കിസ്ഥാനിലെ സ്ഥിതി എന്നോട് വിവരിച്ചു.



രണ്ടാമത്തെ മരുമകള്‍ സോണിയ വികാരാധീനയായി. കോളജിലും സ്കൂളിലും മതം മാറാനുള്ള ആഹ്വാനം. 
https://en.wikipedia.org/wiki/Asia_Bibi
ചെറിയ കുറ്റങ്ങള്‍ക്കുപോലും വലിയ ശിക്ഷ. മടുത്തു, സോണിയ പറഞ്ഞു. ക്രിക്കറ്റ് താരം യൂസഫ് യോഹന്ന മതം മാറിയത് യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ലാത്തതിനാലാണെന്ന് സോണിയ കുറ്റപ്പെടുത്തി. മരിച്ചാലും ഇനി പാക്കിസ്ഥാനിലേക്കില്ല.






മെഹര്‍ബാനു മുത്തശിക്ക് വിഭജനത്തിന്‍റെ ദുരിതക്കാഴ്ചകള്‍ ഇപ്പോഴും ഓര്‍മയിലുണ്ട്. മുത്തശ്ശി എന്നോട് പറഞ്ഞു, അന്ന് അല്‍പം
കഷ്ടപ്പെട്ടിട്ടാണെങ്കിലും ഹിന്ദുസ്ഥാനിലേക്ക് (ഇന്ത്യ) വന്നാല്‍ മതിയായിരുന്നു. എങ്കില്‍ ഈ എണ്‍പതാം വയസില്‍ ഞാനിങ്ങനെ രാജ്യങ്ങള്‍ തോറും അഭയം തേടി അലയേണ്ടി വരില്ലായിരുന്നു. ദൈവം അനുഗ്രഹിച്ച രാജ്യമാണ് ഇന്ത്യ, ശപിച്ചത് ഞങ്ങളുടെ രാജ്യത്തെയും.







ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി പൊരുതിയതിന് 
തീവ്രവാദികളുടെ വെടിയുണ്ടയ്ക്ക് ഇരയായ പാക് മന്ത്രി ഷെഹ്ബാസ് ബട്ടിയെക്കുറിച്ച് പറഞ്ഞപ്പോള്‍ കുടുംബനാഥന്‍ യൂനസിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 















 മരിക്കും മുമ്പ് ക്രിസ്ത്യാനികളുടെ വിശുദ്ധനാടായ ഇസ്രയേലില്‍ പോവുകയാണ് സോണിയയുടെ ആഗ്രഹം. പാക്കിസ്ഥാന്‍ പാസ്പോര്‍ട്ടുമായി ഇസ്രയേലില്‍ പോവാന്‍ കഴിയില്ല. മറ്റേതെങ്കിലും രാജ്യം തനിക്ക് പാസ്പോര്‍ട്ട് അനുവദിക്കുമെന്നും അങ്ങനെ വിശുദ്ധനാട്ടില്‍ പോകാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ.



അവിടെ നിന്നും മടങ്ങുമ്പോള്‍,  ഞാന്‍ ഗുല്ലിനോട് ചോദിച്ചു, നീയും ഇതുപോലെ മറ്റുരാജ്യത്ത് അഭയം തേടുമോ?  അമേരിക്കയിലുള്ള ഗുല്ലിന്‍റെ പിതാവ് കുടുംബത്തെ അങ്ങോട്ട് കൊണ്ടുപോകാന്‍ തയ്യാറെടുക്കുകയാണ്. 
പക്ഷേ താന്‍ പോവില്ലെന്ന് ഗുല്‍ ഉറപ്പിച്ചുപറഞ്ഞു. മരിക്കേണ്ടി വന്നാലും ജന്മനാട് ഉപേക്ഷിക്കില്ല.


തന്നെപ്പോലെ കഷ്ടപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കായി, അവരുടെ അവകാശങ്ങള്‍ക്കായി പൊരുതും, മുഖ്യസമുദായത്തിലെ നല്ല സുഹൃത്തുക്കളുടെ പിന്തുണയുണ്ട് തനിക്ക്. മരണം വരെ പിറന്നമണ്ണില്‍.
എന്‍റെ കൈ പിടിച്ച് അത് പറയുമ്പോള്‍ അഭിമാനിയായ പാക്കിസ്ഥാനിയെ ഗുല്‍മെഹകില്‍ ഞാന്‍ കണ്ടു.


 നിഷ ജെബി മനോരമ ന്യൂസിലെ ന്യൂസ് ആങ്കറാണ്.
കടപ്പാട്:-http://blog.manoramaonline.com/nishajebi






Ooberfuse - Free Asia Bibi - Official Music Video    (Published on 1 Jan 2013)
This video is funded by the Jesuit Fund for Social Justice. In association with the British Pakistani Christian Association.



Hi dear reader, you may also follow the bellow links, which are so related to the incidents referring  in this blog post.

No comments: