Thursday, July 18, 2013

ചോദ്യം: "എന്താണാ മഹാന്‍ കണ്ട സ്വപ്നം?" ഉത്തരം: "മദ്യവിമുക്തമായ കിനാശ്ശേരി..." - മുഴുവന്‍ മലയാളികളും വായിക്കാന്‍

എന്‍റെ ഈ പോസ്റ്റ്‌ എല്ലാ മദ്യപന്‍മാര്‍ക്കുമായി പ്രത്യേകമായി 'ഡെഡിക്കേറ്റ്' ചെയ്യുന്നു.
ഈ പോസ്റ്റ്‌,  facebook ലെ 'Social Awareness' ഗ്രൂപ്പിലെ ശ്രീ.എന്‍. ശ്രീജിത്ത് തയ്യാറാക്കിയതാണ്.
ഈയടുത്തകാലത്ത് ഞാന്‍ വായിച്ച, വളരെ നല്ല 'ഇന്‍സ്പിരേഷണല്‍' ആയ ഒരു ജീവിതാനുഭവമായതിനാല്‍, ഇത് ഞാന്‍ 'റീ-പോസ്റ്റ്‌' ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.


ചങ്ങമ്പുഴയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ഒരു സിനിമ കുറേക്കാലമായി മനസ്സിലുണ്ട്. അതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് അടുത്ത കാലത്തണ്. 'ചങ്ങമ്പുഴ: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട വായനയിലും ചര്‍ച്ചയിലുമാണ് ഞാന്‍ മഹാകവിയുടെ ജീവിതത്തെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുന്നത്. മദ്യം ഒരു വ്യക്തിയുടെ, ഒരു കലാകാരന്റെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി ശരിക്കും മനസ്സിലാവുന്നത് അപ്പോഴാണ്.

കണ്ണാടിയില്‍ സ്വന്തം രൂപം കാണുന്നതു പോലെ, ചങ്ങമ്പുഴയില്‍ എവിടെയൊക്കെയോ എനിക്ക് എന്നെത്തന്നെ കാണാനായി. കവിമനസ്സിലെ സംഘര്‍ഷങ്ങള്‍, അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ, സങ്കടങ്ങള്‍ ഇതെല്ലാം എന്റെ മനഃസമാധാനം കെടുത്തി. ഒരു ആത്മവിചാരണയ്ക്ക് ഒരുങ്ങിയപ്പോള്‍ എനിക്കുതന്നെ പേടിയായി.


പതിനെട്ട് വയസ്സ് മുതല്‍ ഞാന്‍ മദ്യം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. നാടകത്തിന്റെയും സിനിമയുടെയും ഇടവേളകളില്‍ മദ്യപാനം ഉണ്ടായിട്ടുമുണ്ട്. കാര്യങ്ങളെ മാറിനിന്ന് കാണുമ്പോഴാണ്, എല്ലാം കൂടുതല്‍ തെളിയുന്നത്, ഇതുവരെയില്ലാത്ത ചില തിരിച്ചറിവുകളിലേക്കും വീണ്ടു വിചാരത്തിലേക്കും നാം നയിക്കപ്പെടുന്നത്.
ഇപ്പോള്‍ പിന്‍തിരിഞ്ഞു നോക്കുമ്പോഴാണ് മനസ്സിലാവുന്നത്, മദ്യം ഒരിക്കലും എനിക്ക് ആശ്വാസമായിട്ടില്ല എന്ന്. താത്കാലിക ലഹരി എന്നതിനപ്പുറത്തേക്ക്, ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഒരിക്കലും മദ്യം സഹായകമായിട്ടില്ല.
സര്‍ഗാത്മകതയുടെ തലത്തിലും അതൊരിക്കലും ഗുണകരമായിട്ടില്ല. മദ്യം ക്രിയേറ്റിവിറ്റിയെ ഒരിക്കലും പോഷിപ്പിക്കില്ല എന്നും ക്രിയേറ്റീവായവര്‍ മദ്യപിച്ചിട്ട് പുതിയ ആകാശമൊന്നും നേടിയിട്ടില്ല എന്നും ഞാനിപ്പോള്‍ തിരിച്ചറിയുന്നു.
എത്രയോ ചടങ്ങുകള്‍ക്ക്, ഉദ്ഘാടനങ്ങള്‍ക്ക് ഞാന്‍ പോയിട്ടുണ്ട്. പലരും വണ്ടിക്കാശു പോലും തരാതിരുന്നിട്ടുണ്ട്. കൃത്യമായി തരിക മദ്യമാണ്. വര്‍ഷങ്ങളായി മദ്യം ഉള്‍പ്പെടുന്ന സത്കാരങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു കുറവും ഉണ്ടായിട്ടില്ല. മദ്യപാനം എനിക്ക് വെറുമൊരു ചടങ്ങായിരുന്നില്ല. അല്പം മാത്രം മദ്യം കഴിക്കുന്നവരുണ്ടാവാം. എനിക്ക് അല്പം മാത്രമായി പറ്റിയിരുന്നില്ല. മദ്യസത്കാരത്തിനിടെ, ഞാനിപ്പോള്‍ പ്രിയനന്ദനനോടൊപ്പം 'വീശിക്കൊണ്ടിരിക്കുകയാ'ണെന്ന് എത്രയോ പേര്‍ ഫോണില്‍ പറയുന്നത് കേട്ടിട്ടുണ്ട്. അവര്‍ക്ക് എന്നോടൊപ്പം മദ്യപിക്കുന്നതിലൂടെ ലഭിക്കുന്ന രസം ഞാനും ആസ്വദിക്കുകയായിരുന്നു.


നല്ല സിനിമയ്ക്ക് മദ്യം ഒരിക്കലും ഗുണം ചെയ്തിട്ടില്ല. നല്ല സിനിമ വേണമെന്ന് ആഗ്രഹിക്കുന്നവരല്ല എന്നോടൊപ്പം മദ്യവിരുന്നില്‍ ഘോഷയാത്ര നടത്തിയവര്‍ ബഹുഭൂരിപക്ഷവും.

സാധാരണ ജീവിതത്തില്‍ വേലികള്‍ കണ്ടാല്‍ നാം രണ്ടു തവണ ആലോചിക്കും. എന്നാല്‍ മദ്യപന് മുന്നില്‍ വേലികളില്ല. പരിധികളില്ല. അയാള്‍ വേലി ഇല്ലാത്ത ആളാവും. അതുകൊണ്ടു തന്നെ അതെപ്പോഴും കുഴപ്പങ്ങളില്‍ കൊണ്ടു ചാടിക്കും. മദ്യപന്, സമൂഹത്തില്‍നിന്നുള്ള കുപ്രചാരണങ്ങള്‍, ജല്പനങ്ങള്‍ എല്ലാം കേള്‍ക്കേണ്ടി വരും. സഹിക്കേണ്ടിവരും. അനാവശ്യമായ ആക്ഷേപങ്ങള്‍ക്ക് വഴിതുറക്കും. നമ്മുടെ വാക്കുകള്‍ പലരും ദുരുപയോഗം ചെയ്യും. ഇതൊക്കെ സ്വന്തം അനുഭവം കൊണ്ട് ശരിയാണെന്ന് ബോധ്യം വന്നിട്ടുള്ള കാര്യങ്ങളാണ്. മദ്യപിച്ച് കാര്യങ്ങള്‍ പറഞ്ഞാല്‍ ആളുകള്‍ പറയുക അയാള്‍ വെള്ളമടിച്ചിട്ടു പറയുകയാണെന്നാണ്. സ്വാഭാവികമായി ഉണ്ടാവുന്ന പ്രതികരണം, അത് ശരിയാണെങ്കില്‍പ്പോലും, മദ്യം കഴിച്ചതിന് ശേഷമാണെങ്കില്‍ ആളുകള്‍ ഗൗരവത്തോടെ കാണില്ല.

മുല്ലനേഴി മാഷെപ്പറ്റി എത്രയോ പേര്‍ ഈ മട്ടില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മാഷെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ക്ഷണിച്ചാല്‍ അത് കുഴപ്പമാകുമോ എന്ന് എല്ലാവരും ആശങ്കപ്പെട്ടിരുന്നു. മാഷ് ഇന്നില്ല. മദ്യത്തില്‍ നിന്ന് മാഷും മാഷില്‍നിന്ന് മദ്യവും മുക്തി നേടിയിരിക്കുന്നു.

ഒരിക്കലും തന്റെ പ്രതിഭാവിലാസത്തില്‍ മാഷ് മദ്യം കലര്‍ത്തിയിരുന്നില്ല. എന്നാല്‍ പൊതുസമൂഹം മാഷെ കണ്ടത് മറ്റൊരു കണ്ണിലൂടെയായിരുന്നു.മദ്യം ഉപയോഗിച്ചതിലൂടെ പറയുന്ന തുറന്നു പറച്ചിലുകള്‍ പലരേയും വേദനിപ്പിച്ചിട്ടുണ്ട്. ലഹരിയുടെ പുറത്ത് ബോധപൂര്‍വമല്ലാതെ ചെയ്യുന്ന കാര്യങ്ങള്‍ ആളുകള്‍ പലതരത്തില്‍ വ്യാഖ്യാനിക്കുന്നതും അറിഞ്ഞിട്ടുണ്ട്.
അനാവശ്യമായ തെറ്റിദ്ധാരണകള്‍ക്കും പിണക്കങ്ങള്‍ക്കുമൊക്കെ അവ വഴിവെച്ചിട്ടുണ്ട്. മദ്യപിക്കുന്ന നാളില്‍ അതൊന്നും ഗൗരവത്തിലെടുക്കാന്‍ ശ്രമിച്ചിരുന്നില്ല. 



മദ്യം കഴിക്കുമ്പോള്‍ സ്വാഭാവികമായി ഒരലസത കടന്നുവരും. അത് സ്വാഭാവികമാണ്. മദ്യം കഴിക്കാത്ത സമയത്ത് ജീവിതത്തിലുള്ള ജാഗ്രത മദ്യപാന സമയത്ത് നഷ്ടമാകും. ക്രിയേറ്റീവായ മനുഷ്യന്‍ എപ്പോഴും ക്രിയേറ്റീവാണ്. അതിന് മദ്യം ആവശ്യമില്ല. മദ്യം കഴിച്ചതുകൊണ്ട് ആരും ക്രിയേറ്റീവാകുന്നില്ല.
മദ്യം കൊണ്ട് പ്രതിഭ ഉണ്ടാക്കാനാവില്ല. മദ്യത്തിന്റെ പേരില്‍ കലാകാരന്മാരെ ആഘോഷിക്കുന്നതിലെ മൂഢത ഇപ്പോഴെനിക്ക് മനസ്സിലാവുന്നുണ്ട്.

പ്രശസ്ത സംവിധായകന്‍ ജോണ്‍ എബ്രഹാം തന്നെ പറഞ്ഞിട്ടുണ്ട്. കവിയുടെ മൂലക്കുരു നോക്കേണ്ട, കവിത നോക്കിയാല്‍ മതി എന്ന്. നമുക്കിന്ന് താത്പര്യം കവിയുടെ മൂലക്കുരുവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ്.ചങ്ങമ്പുഴയുടെ ആത്മകഥയില്‍, രോഗാവസ്ഥയിലാണ് തന്റെ ജീവിതത്തിനുമേല്‍ മദ്യം നടത്തിയ താണ്ഡവത്തെ കവി തിരിച്ചറിയുന്നത്. ആ പശ്ചാത്താപം അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആളുകള്‍ തന്നെ അറിഞ്ഞിട്ടല്ല തന്നോടൊപ്പം ചേര്‍ന്നതും മദ്യപിച്ചതും എന്നും അതിന്റെ ആഘോഷം മാത്രമായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നതെന്നും ചങ്ങമ്പുഴ നിരീക്ഷിക്കുന്നുണ്ട്.

ചങ്ങമ്പുഴ സിനിമയുടെ തിരക്കഥാരചന, അദ്ദേഹത്തിന്റെ ജീവിതത്തില്‍ കലര്‍ന്ന മദ്യത്തെയും സാമൂഹികവും കുടുംബപരവുമായ പ്രശ്‌നങ്ങളെയുംപറ്റി എനിക്കും പുതിയ വെളിച്ചം നല്‍കുകയായിരുന്നു. എനിക്കു തന്നെ ഭാരമായിരിക്കുന്ന, പ്രശ്‌നകാരിയായ, സമൂഹത്തിന്, കുടുംബത്തിന് വേദനയുണ്ടാക്കുന്ന മദ്യത്തെ ഞാന്‍ എന്തിന് ചുമക്കണം എന്ന ചിന്ത എന്നെ പിന്തുടരാന്‍ തുടങ്ങി. മദ്യത്തില്‍ നിന്ന് മുക്തിനേടണം എന്ന ചിന്ത രൂഢമായി. മദ്യം എന്റെ ജീവിതത്തിലെ ചീഞ്ഞ അവയവമാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. ശ്രമകരമാണെങ്കിലും അതറുത്തു മാറ്റിയേ തീരൂ. ലഹരിയുടെ താത്കാലിക മയക്കത്തില്‍ നിന്നും എനിക്ക് സ്വതന്ത്രനാവണം. മദ്യത്തില്‍ ആറാടിയുള്ള ആഘോഷങ്ങളുടെ കാപട്യത്തില്‍നിന്ന് വിടുതല്‍ പ്രഖ്യാപിക്കണം...
മറ്റുള്ളവര്‍ക്ക്, ഒരു ഡോക്ടര്‍ക്കു പോലും ഇക്കാര്യത്തില്‍ നമ്മെ സഹായിക്കാന്‍ കഴിയില്ല; നാം സ്വയം തീരുമാനിക്കാത്തിടത്തോളം.
എനിക്കതിനു കഴിയും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. കാരണം, സ്വന്തം ആഗ്രഹങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും വളര്‍ന്നവനാണ് ഞാന്‍.

അങ്ങനെ, ഇനി എന്റെ ജീവിതത്തില്‍ മദ്യത്തിന് സ്ഥാനമില്ല എന്ന് ഞാന്‍ നിശ്ചയിച്ചു. ഞാനിപ്പോള്‍ സ്വച്ഛമായ വായു ശ്വസിക്കുകയാണ്. സ്വതന്ത്രമായൊരാകാശം മുന്നില്‍ നിവര്‍ന്നിരിക്കുന്നു. മനസ്സ് അനാവശ്യ സംഘര്‍ഷങ്ങളില്‍ നിന്ന് വിടുതല്‍ നേടി കനമില്ലാതായിരിക്കുന്നു. കൂടുതല്‍ ക്രിയേറ്റീവാകാന്‍, ജാഗരൂകനാവാന്‍ എനിക്കിപ്പോള്‍ കഴിയുന്നു...

സലീംകുമാര്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വോട്ടര്‍' എന്ന സിനിമയാണ് ഞാന്‍ ഉടനെ തന്നെ ചെയ്യാനിരിക്കുന്നത്. മാളവിക ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന സത്യന്‍ കോളങ്ങാടിന്റേതാണ്. ആഗസ്തില്‍ തുടങ്ങും. വൈദ്യുതി എത്തിയിട്ടില്ലാത്ത, നല്ല കുടിവെള്ളം പോലും കിട്ടാത്ത ഒരു ദ്വീപിലെ വോട്ടറുടെ കഥയാണ് ഈ ചിത്രം.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ നേരത്തേ തീരുമാനിച്ച 'ഒടിയന്‍' എന്ന സിനിമ തുടങ്ങാനിരുന്നതായിരുന്നു. അതിന്റെ ഗാനങ്ങളുടെ റിക്കാര്‍ഡിങ് കഴിഞ്ഞിട്ടുണ്ട്. 'ഒടിയന്‍' പിന്നീട് ചെയ്യാന്‍ വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. വേറെയും ചില പ്രോജക്ടുകളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഞാനിപ്പോള്‍ പൂര്‍ണമായും സിനിമയുടെ ലഹരിയിലാണ്. അതെ, ഇനിയെനിക്ക് കലയുടെ, സിനിമയുടെ ലഹരി മാത്രം മതി. മദ്യം തരുന്ന താത്കാലിക മയക്കത്തില്‍ നിന്ന് ഞാന്‍ മുക്തനാവുന്നു!

അടുത്ത വര്‍ഷം ആദ്യം ചങ്ങമ്പുഴയെക്കുറിച്ചുള്ള സിനിമ ചെയ്യും. എന്റെ ജീവിതത്തില്‍ പുതിയൊരധ്യായം തീര്‍ക്കാന്‍ നിമിത്തമായ ഈ ചിത്രം, മലയാള സിനിമയ്ക്കും ചങ്ങമ്പുഴയെ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്കും നല്ലൊരനുഭവമാക്കിത്തീര്‍ക്കാന്‍ കഴിയും എന്ന വിശ്വാസം എനിക്കുണ്ട്.

തയ്യാറാക്കിയത്: എന്‍. ശ്രീജിത്ത് - 'Social Awareness' ഗ്രൂപ്പ്‌ @facebook.com


-------------------------------------------------------------------------------------------------------










No comments: