Wednesday, March 20, 2013

ദൈവം ഒരു നാടിന്‍റെ പ്രാര്‍ത്ഥന കേട്ടു. കരുവന്നൂരിന്‍റെ സ്വീകരണം ഏറ്റുവാങ്ങി സ്റ്റാന്‍ലി വിന്‍സന്‍റ്

ദൈവം തന്‍റെ മക്കളുടെ പ്രാത്ഥനകേള്‍ക്കുന്ന നല്ലപിതാവാണെന്ന് ഒരിക്കല്‍കൂടി എല്ലാവര്‍ക്കും ബോധ്യമായി.

Slide 1 
 സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഒരു വര്‍ഷത്തിലധികം കാലം ബന്ദിയാക്കി2013 മാര്‍ച്ച്‌ 8ന്‌ മോചിപ്പിക്കപ്പെട്ട കരുവന്നൂര്‍ സ്വദേശി മംഗലന്‍ വീട്ടില്‍ വിന്‍സന്‍റ് സ്റ്റാന്‍ലിക്ക്‌ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കരുവന്നൂര്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ വച്ച്‌ വരവേല്‍പ്പ്‌ നല്‍കി. ഇന്ന് (20-3-2013ന്) രാവിലെ 6:20ന് പള്ളി മുറ്റത്തു നിന്നും സ്വീകരിച്ച്‌ ദേവാലയത്തിലേക്ക്‌ ആനയിക്കുകയും തുടര്‍ന്ന് കൃതജ്ഞാതാ ബലി അര്‍പ്പിക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌ നടന്ന സ്വീകരണ സമ്മേളനത്തില്‍ ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ ബിഷപ്പ്‌ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി.

 
സ്റ്റാന്‍ലി വിന്‍സന്‍റ് തന്‍റെ ബന്ദിജീവിതത്തില്‍ നേരിടേണ്ടിവന്ന അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയും, പ്രാര്‍ത്ഥനാ നിര്‍ഭരമായി എല്ലാവരോടും തന്‍റെ നന്ദി അറിയിക്കുകയും ചെയ്‌തു. 

 
സ്റ്റാന്‍ലിയുടെ മാതാവ്‌ ശ്രീമതി റോസി വിന്‍സന്‍റ് കടപ്പാടുകള്‍ക്ക്‌ നന്ദി പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഫാ.ജോണ്‍സണ്‍ മാനാടന്‍, കണ്‍വീനര്‍ ജോസഫ്‌ തെക്കൂടന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ സ്റ്റാന്‍ലി എല്ലാവര്‍ക്കും മധുര പലഹാരം വിതരണം ചെയ്‌തു.

 


 മലയാളികളടക്കം 22 പേര്‍ ജോലിക്കാരായുണ്ടായിരുന്ന എം.ടി റോയല്‍ ഗ്രേസ്‌ എന്ന കപ്പല്‍ 2012 മാര്‍ച്ച്‌ 2ന്‌ നൈജീരിയയിലേക്കുള്ള യാത്രാ മദ്ധ്യേ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചുകയായിരുന്നു. ഒരുവര്‍ഷത്തിലേറെയായി ഇവര്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിരുന്ന ഇവരുടെ സത്വരമോചനത്തിനായി പള്ളിയിലും, ഇടവകയിലെ എല്ലാ വീടുകളിലും 'ബന്ദികളുടെ മോചന'ത്തിനായുള്ള പ്രത്യേകപ്രാര്‍ഥന നടത്തിയിരുന്നു.  കരുവന്നൂര്‍ ഇടവകയില്‍ പള്ളി വികാരി റവ.ഫാ.ജോണ്‍സണ്‍ മാനാടന്‍ ചെയര്‍മാനായും,  ശ്രീ.ജോസഫ് തെക്കൂടന്‍ കണ്‍വീനറായും ഒരു 'ആക്ഷന്‍ കൌണ്‍സില്‍' രൂപീകരിച്ച് നിരാഹാരം, കളക്ട്രേറ്റ് റാലി തുടങ്ങിയ വിവിധങ്ങളായ സമരപരിപാടികളും ആവിഷ്കരിച്ചു നടപ്പിലാക്കിയിരുന്നു. ബന്ദികളുടെ കുടുംബങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കഴിഞ്ഞ ഫെബ്രുവരി 18ന് സീറോ മലബാര്‍ സഭാ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി പിതാവ്  സ്റ്റാന്‍ലിയുടേയും , ഡിബിന്റേയും, വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.

സ്വന്തം വീട്ടുകാരുടെയും നാടിന്‍റെ മുഴുവന്റെയും ഉള്ളുരുകിയ പ്രാത്ഥനയുടെഫലമായി സ്റ്റാന്‍ലി തിരിച്ചുവന്നതിലുള്ള ആഹ്ലാദം എല്ലാവരുടെയും മുഖത്ത് പ്രതിഫലിക്കുന്നു.  എല്ലാവരും ദൈവത്തിന് നന്ദി പറയുന്നു.



  (സ്റ്റാന്‍ലി വിന്‍സന്‍റ്-ന് പള്ളിയില്‍വച്ച് നല്‍കപ്പെട്ട സ്വീകരണത്തിന്‍റെ വിഡിയോ)




(സ്റ്റാന്‍ലി വിന്‍സന്‍റ് പറയുന്നു...)


(നിറഞ്ഞനന്ദിയോടെ, പ്രാര്‍ത്ഥനയോടെ... സ്റ്റാന്‍ലി വിന്‍സന്‍റ്-ന്‍റെ അമ്മ ശ്രീമതി റോസി വിന്‍സന്‍റ്)






(വാര്‍ത്ത, ഫോട്ടോ, വിഡിയോ എന്നിവയ്ക്ക് കടപ്പാട്:  irinjalakuda.com

No comments: