Saturday, April 13, 2013

ദേ പിന്നേ, ഞാന്‍ ഇന്നസെന്‍റ് ആയതോണ്ടു പറയുവാ.... ഒന്നും തോന്നരുത്.

ശ്രീ.ഇന്നസെന്‍റ്, അദ്ദേഹം തന്‍റെ ക്യാന്‍സര്‍ എന്ന രോഗാവസ്ഥയില്‍നിന്നും തിരികെ വന്നതിൽ ദൈവത്തിനു ഞാൻ നിറഞ്ഞ മനസോടെ നന്ദി പറയുന്നു.  ഒട്ടേറെആളുകള്‍ അദ്ദേഹത്തിന്‍റെ ഈ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ചിരുന്നു എന്നതൊരു സത്യമാണ്.  പക്ഷെ, ഈയിടെയായി കിട്ടുന്ന മിക്കവാറും എല്ലാവേദികളിലും അദ്ദേഹത്തിന്റെ സ്വരത്തില്‍ അറിഞ്ഞോ അറിയാതെയോ ഒരു 'ദൈവനിഷേധം' കടന്നുവരുന്നത്‌ തീര്‍ത്തും ദുഖകരമാണ്.

ഇന്നസെന്‍റെന്ന വ്യക്തി ഇരിങ്ങാലക്കുടകാരനാണ്; എന്‍റെ നാട്ടുകാരനാണ്. എല്ലാവര്‍ക്കുമറിയാവുന്നത്പോലെ അദ്ദേഹം വളരെ പ്രസിദ്ധനായ തിരക്കുള്ള ഒരു സിനിമാനടനാണ്, സിനിമാക്കാരുടെ 'അമ്മ' എന്ന സംഘടനയുടെ പ്രസിഡന്‍റ് ആണ്.  ഇങ്ങനെ പലനിലയിലും പ്രസിദ്ധനായ; ഒട്ടേറെ നല്ലകാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ശ്രീ.ഇന്നസെന്‍റിനെ പോലൊരാള്‍ പറയുന്നത് എന്തുതന്നെയാലും വളരെപ്പെട്ടെന്നു ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കും എന്നതില്‍ സംശയമില്ല.

https://fbcdn-sphotos-f-a.akamaihd.net/hphotos-ak-ash4/483497_319963058106981_524042858_n.jpg

എന്താണ് ഈയിടെയായി ശ്രീ.ഇന്നസെന്‍റ് പറയുന്നത്, അല്ലെങ്കില്‍ പറയാന്‍ ശ്രമിക്കുന്നത്?  തന്‍റെ ക്യാന്‍സര്‍ എന്ന അസുഖം മാറിയതില്‍ ദൈവത്തിന് ഒരു 'റോളും' ഇല്ലെന്നാണോ!  ഇന്നസെന്‍റ് എന്ന മനുഷ്യന്‍റെ കാര്യത്തില്‍ ദൈവത്തിനു ഒരു താല്‍പ്പര്യവും ഇല്ലെന്നാണോ അദ്ദേഹത്തിന്‍റെ അഭിപ്രായം. അതോ ദൈവത്തിന് ശക്തി പോരെന്നോ! അതോ പ്രാര്‍ത്ഥനയ്ക്ക് ഫലമില്ലെന്നോ; പ്രാര്‍ത്ഥിക്കുന്നത്‌ വെറുതെയാണെന്നോ! പ്രാര്‍ഥിക്കേണ്ട കാര്യമില്ലെന്നോ? 'നേര്‍ച്ചയോ വഴിപാടോ നേരാന്‍ പാടില്ലേ? അതൊരു വളരെ വിലകുറഞ്ഞ ഒരു കാര്യമാണോ?  എന്താണദ്ദേഹം ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായി മനസിലാകുന്നില്ല.

അദ്ദേഹം ഒരു ഒരു കത്തോലിക്കാവിശ്വാസിയാണ്.  കത്തോലിക്കാ വിശ്വാസമനുസരിച്ച് പ്രാര്‍ത്ഥന ഒരുവന്‍റെ ജീവിതത്തിലെ ഒരവിഭാജ്യഘടകമാണ്. പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരുവന്‍ തന്‍റെ സ്രഷ്ടാവായ ദൈവത്തിനോട് സംഭാഷണം ചെയ്യുകയാണ്. അതിനാല്‍തന്നെ, നമ്മുടെ നിസ്സാഹായാവസ്ഥകളില്‍ പ്രത്യേകിച്ചും‍, സര്‍വ്വശക്തനായ ദൈവത്തിനോട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നത്‌ ഒരു തെറ്റല്ല; മറിച്ച് അതാണ്‌ ശരി. സ്വന്തം സൃഷ്ട്ടാവിനോട് പ്രാര്‍ഥിക്കുക എന്നത് ഏതൊരു മനുഷ്യനെയും സംബന്ധിച്ച് വളരെ വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനെ ഇങ്ങനെ വില കുറച്ചു കാണേണ്ടതില്ല. അങ്ങനെ വിലകുറഞ്ഞ ഒരു കാര്യമാണ് പ്രാര്‍ത്ഥന എന്നതാണ് അദ്ദേഹത്തിന്‍റെ അഭിപ്രായമെങ്കില്‍; 'ഹാ! കഷ്ടം' എന്നേ എനിക്ക് പറയാനുള്ളൂ.

പ്രാര്‍ത്ഥനകളുടെ കൂടെ നേര്‍ച്ചകാഴ്ച്ചകള്‍ 'നേരുന്നത്' ഒരു നല്ല കാര്യം തന്നെയാണ്. നമുക്ക് ഒരു പ്രത്യേക അനുഗ്രഹം ദൈവം കനിഞ്ഞ് നല്‍കുകയും, തന്മൂലം വാഗ്ദാനം ചെയ്ത നേര്‍ച്ചകാഴ്ച്ചകള്‍ നമ്മള്‍ നിറവേറ്റുകയും ചെയ്യുമ്പോള്‍ അതിലൂടെ മഹത്വപ്പെടുന്നത് ദൈവമാണ്; തനിക്ക് കിട്ടിയ പ്രത്യേക അനുഗ്രഹം - അതിനെ മറ്റുള്ളവരുടെ മുന്‍പില്‍ ദൈവമഹത്വത്തിനുവേണ്ടി പ്രഘോഷിക്കാന്‍ കിട്ടുന്ന ഒരവസരമായി ഇതിനെ എടുത്താല്‍ അത് കൂടുതല്‍ അനുഗ്രഹദായകമായിത്തീരും.  നമ്മുടെ ഈ നേര്‍സാക്ഷ്യം അനേകരെ ദൈവവിശ്വാസമെന്ന 'പച്ചപ്പിലേക്ക്' കൈപിടിച്ചു നടത്തും. നേര്‍ച്ചകാഴ്ച്ചകള്‍ക്ക് ഈ ഒരു പരിവേഷം മാത്രമേ ചേരുകയുള്ളൂ. ഈ ഒരു കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ നേര്‍ച്ചകാഴ്ച്ചകള്‍ വളരെ നല്ലതാണ്.

നേര്‍ച്ചകാഴ്ച്ചകള്‍ സ്വന്തം മഹത്വം കാണിക്കാനാവരുത്; മറിച്ച് ദൈവമഹത്വത്തിനായിരിക്കണം അനുഷ്ഠിക്കേണ്ടത്.  ദൈവത്തിന് ഒരു 'കൈക്കൂലി' നല്‍കല്‍ പോലെയായി നേര്‍ച്ചകാഴ്ച്ചകള്‍ തരംതാഴുകയാണെങ്കില്‍ ആ നേര്‍ച്ചകാഴ്ച്ചകള്‍ നിരര്‍ത്ഥകവും നിഷ്ഫലവും ആയിത്തീരും.  ഈ ഒരര്‍ത്ഥത്തിലാണ് ശ്രീ. ഇന്നസെന്‍റ് തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചതെങ്കില്‍, അതദ്ധേഹം തുറന്നു പറയേണ്ടിയിരിക്കുന്നു.


അല്ലാതെ വെറുതെ ആളുകളെ (മനപ്പൂര്‍വമല്ലെങ്കിലും)  വഴിതെറ്റിക്കാന്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ മൂലം ഇടയാകരുതെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.  ദേ പിന്നേ, ഞാന്‍ ഇന്നസെന്‍റ് ആയതോണ്ടു പറയുവാ.... ഒന്നും തോന്നരുത്.

നമ്മുടെ ചുറ്റിലും നന്മയുണ്ട്. നമ്മിലെല്ലാവരിലും ദൈവം വസിക്കുന്നുമുണ്ട്.  നന്മ പ്രസരിപ്പിക്കുവാന്‍, അതുവഴി തിന്മയെ ദൂരീകരിക്കുവാന്‍ നമുക്ക് കടമയുണ്ട്. അതിനു നമ്മുടെ വാക്കുകളും പ്രവൃത്തികളും കാരണമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

താഴെകാണുന്ന വീഡിയോ നല്ലൊരു സന്ദേശം നമ്മെ ഓര്‍മ്മപ്പെടുത്തും.