സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഇന്ത്യന്‍ നാവികരില്‍, ഇരിങ്ങാലക്കുട രൂപതാംഗങ്ങളായ കരുവന്നൂര്‍ സ്വദേശി മംഗലന്‍ വിന്‍സന്‍റ് മകന്‍ സ്റ്റാന്‍ലി വിന്‍സന്‍റ്, മാപ്രാണം സ്വദേശി എരങ്ങത്തുപറമ്പില്‍ ഡേവീസ് മകന്‍ ഡിബിന്‍ ഡേവീസ് എന്നിവരുടെ വീടുകളില്‍
18-2-2013-ല്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സ്വാന്ത്വനസന്ദര്‍ശനം നടത്തി.
(വീഡിയോ റിപ്പോര്‍ട്ട് ഈ വാര്‍ത്തയുടെ അവസാനം ചേര്‍ത്തിട്ടുണ്ട്)
നൈജീരിയയിലേക്കുള്ള യാത്രാമധ്യേ എം. ടി. റോയല്‍ ഗ്രേസ് എന്ന എണ്ണടാങ്കര്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്.. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 2-നാണ്.
എന്നാല്‍ ഈ വാര്‍ത്ത പുറംലോകം അറിയുന്നത് മാര്‍ച്ച് 18ന് ഒരു മലയാള പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനിലൂടെയാണ്. കപ്പലില്‍ തടവിലാക്കപ്പെട്ടിരിക്കുന്ന ആകെ 22 പേരില്‍ 17 ഇന്ത്യക്കാരും അതില്‍ 5 പേര്‍ കേരളീയരുമാണ്. സ്റ്റാന്‍ലി വിന്‍സന്‍റ്, ഡിബിന്‍ ഡേവീസ് എന്നിവരെ കൂടാതെ കേരളത്തില്‍ നിന്നു തന്നെയുള്ള തിരുവനന്തപുരം സ്വദേശി അര്‍ജുന്‍, കൊല്ലം സ്വദേശി മനീഷ്, ഒറ്റപ്പാലം സ്വദേശി മിഥുന്‍ എന്നിവരാണ് ബന്ദികളില്‍ മലയാളികള്‍.
ഏകദേശം ഒരു വര്‍ഷക്കാലമായിട്ടും കപ്പലിലുള്ള 17 ഇന്ത്യന്‍ പൌരന്മാരായ നാവികരെ വിട്ടുകിട്ടാനുള്ള നയതന്ത്രനീക്കങ്ങള്‍ ഇനിയും സഫലമാകാത്തതില്‍ കര്‍ദ്ദിനാള്‍ തന്‍റെ അതിയായ ഉത്‌കണ്‌ഠ രേഖപ്പെടുത്തി. നാവികരെ വിട്ടുകിട്ടാനുള്ള ശ്രമങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
മാര്‍ ആലഞ്ചേരി സ്റ്റാലിന്‍ വിന്‍സന്‍റ് -ന്‍റെ കുടുംബാംഗങ്ങളോടൊപ്പം |
കപ്പലില്‍ തടവുകാരാക്കപ്പെട്ടിരിക്കുന്നവരോടും, അവരുടെ കുടുംബാംഗങ്ങളോടുമുള്ള തന്‍റെ പ്രാര്‍ത്ഥനാനിര്‍ഭരമായ പിന്തുണ കര്‍ദ്ദിനാള്‍ പങ്കുവെച്ചു. കൂടാതെ, എല്ലാ ബന്ദികളോടും, കുടുംബാംഗങ്ങളോടും, പ്രത്യേകിച്ച് കേരളത്തില്‍നിന്നുള്ളവരോട് ഐക്യദാര്‍ഢ്യവും അദ്ദേഹം പ്രഖ്യാപിച്ചു. നാളിതുവരെ ഇരിങ്ങാലക്കുട രൂപതയും, നഗരസഭാ കൌണ്‍സിലും, ഇടവകകളും നടത്തിയ സംസ്ഥാന-ദേശീയ പ്രക്ഷോഭപരിപാടികളെക്കുറിച്ചും, ശ്രമങ്ങളെക്കുറിച്ചും കര്‍ദ്ദിനാള്‍ തിരുമേനി ചോദിച്ചറിഞ്ഞു.
ബന്ധികളാക്കപ്പെട്ട യുവാക്കളായ മാപ്രാണം എരങ്ങത്തുപറമ്പില്‍ ഡേവീസ് മകന്‍ ഡിബിന്‍ ഡേവീസ്, കരുവന്നൂര്‍ മംഗലന്‍ വിന്‍സന്‍റ് മകന്‍ സ്റ്റാന്‍ലി വിന്‍സന്‍റ് എന്നിവരുടെ കുടുംബങ്ങളില്‍ ആസ്വാസവാക്കുകളുമായി കര്‍ദ്ദിനാളും ബിഷപ്പുമാരും എത്തിയത് വികാരനിര്‍ഭരമായ നിമിഷങ്ങളുടെ നേര്‍ക്കാഴ്ചയായി.