മാഗിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന അജിനാമോട്ടോയും, വേറെന്തൊക്കെയോ സുനാപ്പിയും ചേര്‍ന്നിട്ടുണ്ടെന്നും, അതുകൊണ്ട് അത് നിരോധിക്കാന്‍ പോകുകയാണ് എന്ന് കേട്ടപ്പോള്‍ പലരും ഞെട്ടി... ഞെട്ടിയത് പക്ഷെ ഇത് കൊറേ കാലമായി അമൃത് പോലെ തിന്നു കൊണ്ടിരുന്ന ന്യു ജെന്‍ ബോണ്‍ലെസ് ചിക്കുകള്‍ക്ക് എന്തേലും രോഗം ഇത് കൊണ്ട് വരവോ ദൈവേ എന്ന് ഓര്‍ത്തല്ല.. മറിച്ച്, ഇനി രണ്ടു മിനിട്ടില്‍ പുഴുങ്ങി പിള്ളേരുടെ അണ്ണാക്കില്‍ തട്ടാന്‍ എന്തേലും കിട്ട്വോന്നു ആലോചിച്ചിട്ടാണ്.
ശരിക്കും ഈ മാഗി നിരോധിക്കണ്ട കാര്യം എന്താ...? ഇന്ത്യയില്‍ ലഭിക്കുന്ന ഭക്ഷണ സാധനങ്ങളില്‍ മാഗിയില്‍ മാത്രേ അജിനാമോട്ടോ ഉള്ളോ...?
കേരളത്തിലെ തട്ട് കട മുതല്‍ ഫൈവ് സ്റ്റാര്‍ വരെ ഉള്ള ഹോട്ടല്കളില്‍ അജിനോമോട്ടോ ഉപയോഗിക്കാത്ത ഏതു നോണ്‍ വേജ് ഡിഷ് ഉണ്ട്....?
അതിന്‍റെ അളവ് ആരു എവിടെയാണ് പരിശോധിക്കുന്നത്...?
കൃത്യമായും കാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തെളിഞ്ഞിട്ടും, അജിനോമോട്ടോ കിലോക്കണക്കിന് വാങ്ങാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്നുണ്ട്... തടയാന്‍ ആളുണ്ടോ...?
നാട്ടിലെ ചായക്കടക്കാരന് ഇല്ലാത്ത നമ്മുടെ നാട്ടിലെ ജനങ്ങളുടെ ആരോഗ്യകാര്യത്തിലെ ശ്രദ്ധ സ്വിറ്റ്സര്‍ലാന്റ്കാരന്‍റെ നെസ്ലേക്ക് (NESTLE) ഉണ്ടാകും എന്ന് കരുതരുത്....
ഹാ... എന്തായാലും മാഗി പോയി... ഇനി നമുക്ക് കുട്ടികളെ ഷാര്‍പ്പറും, ടോള്ളറും ആക്കാന്‍ ഹോര്‍ലിക്സ് കൊടുത്താലോ...? പണ്ട് കാലികള്‍ക്ക് കൊടുത്തിരുന്ന മാള്‍ട്ട് പള്‍പ്പില്‍ ഇത്തിരി കാരമലും വാരിയിട്ടു മൂന്നാല് രാജ്യങ്ങളിലെ ജനങ്ങളെ നല്ല അന്തസായിട്ടു പറ്റിച്ചു കൊണ്ടിരിക്കുന്ന ഹോര്‍ലിക്സ്...
GSK എന്ന അന്താരാഷ്ട്ര മരുന്ന് ഭീമന്‍ ഹെല്‍ത്ത് ഡ്രിങ്ക്, വുമന്‍ ഹോര്‍ലിക്സ്, ജൂനിയര്‍ ഹോര്‍ലിക്സ് എന്നൊക്കെ പറഞ്ഞു കണ്ട പുല്ലും, കൊറേ ജങ്ക്കളും മിക്സ് ചെയ്തു തന്നപ്പോള്‍ കേരളത്തെ സംബന്ധിച്ച് ഒരു സ്റ്റാറ്റസ് സിംബല്‍ ആയി ഹോര്‍ലിക്സ് മാറി.. ചായക്ക് പകരം ഹോര്‍ലിക്സ് കുടിക്കുന്ന കുട്ടികള്‍ പരിഷ്കാരികള്‍ ആയി..
തരം തിരിവില്‍ "പ്രൊപ്രൈട്ടറി ഫുഡ്" എന്ന ലേബല്‍ ആണ് ഫുഡ് സെക്ക്യുരിടി വിഭാഗം ഹോര്‍ലിക്സിന് നല്‍കിയത്. അതിന്റെ വിശദീകരണം ആണ് തമാശ. "ഭക്ഷണത്തിന്‍റെ കൂടത്തില്‍ പെടുത്താന്‍ ആവില്ലെങ്കിലും തിന്നുന്നത് കൊണ്ട് വല്യ ദോഷം ഇല്ലാത്തതു"- അതാണ് ഈ പ്രൊപ്രൈട്ടറി ഫുഡ്... എന്ത് മനോഹരമായ ഹെല്‍ത്ത് ഡ്രിങ്ക് അല്ലെ...?
മാരക വിഷമായ പത്തു പൈസക്ക് കൊള്ളാത്ത പെപ്സിക്കും, കൊക്കക്കൊളക്കും വരെ അതിന്‍റെ മേലെ FSSAI എന്നൊരു ചിഹ്നം കാണാം. ഇന്ത്യയിലെ ജനങ്ങളുടെ ഭക്ഷണം അതീവ ശുദ്ധി ഉള്ളതാവണം എന്ന് നിര്‍ബന്ധ ബുദ്ധി ഉള്ള ആളുകള്‍ ആണ് അവര്‍, എന്നാല്‍ ഈ ഹോര്‍ലിക്സ് ന്‍റെ പുറത്തു അങ്ങനൊരു ലേബല്‍ കാണാന്‍ പറ്റില്ല... കാരണം ഭക്ഷണം ആണെങ്കില്‍ അല്ലെ അവര്‍ക്ക് അതിന്‍റെ മേലെ ഈ ചിഹ്നം ഇടാന്‍ പറ്റൂ... പിന്നെ നമ്മളിന്ത്യാക്കാര് പരസഹായികള്‍ ആയത് കൊണ്ട് അവര്‍ അതിനു പ്രത്യേക "പ്രൊപ്രൈട്ടറി ഫുഡ്" പദവി നല്‍കി.
ഇംഗ്ലണ്ട്ല്‍ ഉറക്കം വര്‍ധിപ്പിക്കാന്‍ കുടിക്കുന്ന മാള്‍ട്ട് ഡ്രിങ്ക് ആണെങ്കില്‍ അതെ സാധനം, അതിനേക്കാള്‍ അളവ് കുറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് ഇന്ത്യയില്‍ വില്‍ക്കുമ്പോള്‍ ഹെല്‍ത്ത് ഡ്രിങ്ക് ആകുന്ന മറിമായം എന്തൊരു അത്ഭുതം ആണല്ലേ...? ഏറ്റവും കൂടിയ അളവില്‍ ചേരുവകള്‍ ചേര്‍ത്ത് ഇറക്കുന്ന മലേഷ്യന്‍ ഹോര്‍ലിക്സ് പക്ഷെ അവിടെ വെറും മാള്‍ട്ട് ബെവരെജ് ആണ്...
സംഗതി വളരെ ചെറുതാണ്. പണ്ടൊക്കെ സകല യുറോപ്യന്‍ കമ്പനികള്‍ക്കും അവരുടെ എന്ത് കൂറ സാധനവും നേരെ കോളനികളില്‍ ഇറക്കി വിടാല്‍ മതി, കൊളോണിയല്‍ കാലം അങ്ങ് തീര്‍ന്നപ്പോള്‍ വില്‍ക്കാന്‍ സ്ഥലം ഇല്ലാതായി, അന്നേരമാണ് ചത്ത് കിടന്ന കോളനിവല്‍ക്കരണ പദ്ധതിയെ ഒരു മറുക് നെറ്റിയില്‍ ഒട്ടിച്ചു ആളെ തിരിച്ചറിയാതെ ആക്കി ആഗോളവല്‍ക്കരണം എന്ന പേരുമിട്ടു ഇറക്കുന്നത്. ലോക ബാങ്ക് അതിനു നേതൃത്വവും നല്‍കി. ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങള്‍ എന്ത് കൊണ്ട് അവര്‍ക്ക് നൂറു കോടി ആളുകള്‍ ഉള്ള ഓപണ്‍ മാര്‍ക്കറ്റ് മാത്രം ആയിരുന്നു.
ലോക ബാങ്ക് ഇടയ്ക്കിടെ ഇന്ത്യ ദേ ഒന്നാമതെത്തി... ഇന്ത്യ ദേ ചൈനയെ കടന്നു എന്നൊക്കെ പറയുമ്പോ പൊതു വിപണി നമ്മടെ പരമ പൊങ്ങികള്‍ ആയ ഭരണാധികാരി ഊളകള്‍ കിട്ടുന്ന കായിക്ക് തുറന്നങ്ങ് കൊടുക്കും.
അമേരിക്കയിലെ പെപ്സിക്കോ ഇന്ത്യയില്‍ നിക്ഷേപം നടത്തുമ്പോള്‍ നമ്മടെ സന്തോഷം ഒന്ന് കാണണം. ഹോ...
നമ്മുടെ വെള്ളം അവരുടെ നിറം, കൊച്ചിയില്‍ കുടുംബശ്രീക്കാര്‍ അഞ്ചു രൂപക്ക് വെള്ളം ശുദ്ധീകരിച്ചു വിക്കുമ്പോള്‍ ഒരു ലിറ്റര്‍ വിഷം നമ്മുടെ നാട്ടില്‍ ലിറ്ററിന് നാല്‍പ്പതു രൂപക്ക് പെപ്സി ആയും, മിരിണ്ട ആയും വിറ്റ് കാശ് മുഴുവന്‍ അമേരിക്കയിലേക്ക് കടത്തുമ്പോള്‍ ബാക്കിആകുന്നത് വറ്റി വരണ്ട മേദക്ക് ജില്ലകളും, പാലക്കാടും ആണ്.
കക്കൂസില്‍ മൊത്തം അണുക്കളാണ്, അവയെ കൊല്ലാന്‍ ഹര്പ്പികിനു മാത്രേ പറ്റൂ എന്നും പറഞ്ഞു ഒരു നടന്‍ നമ്മുടെ കക്കൂസ് വരെ കയറി വന്നു വിറ്റത് റിങ്കിറ്റ് ബെന്കൈസര്‍ എന്ന ആഗോള ഭീമന്റെ കീടനാശിനി. അത്ര നാളും പത്തു രൂപക്ക് ഒരു ലിറ്റര്‍ ഫെനോള്‍ കലക്കിയ വെള്ളം ഒരമ്മച്ചി നമ്മടെ നാട്ടിലൊക്കെ നടന്നു വിറ്റിരുന്നു, അന്നൊന്നും ആരും കക്കൂസില്‍ ഭീകര ജീവിയെ കണ്ടു ഓടിയതായി കേട്ടില്ല.
നിങ്ങളെല്ലാം തടിച്ചുകൊഴുത്ത് അത് കൊണ്ട് ഇനി ചോളം തിന്നൂ എന്ന് പറയാന്‍ അമേരിക്കയില്‍ നിന്നും കേല്ലോഗ്സ് വരേണ്ടി വന്നു. തമിഴ്‌നാടില്‍ കിലോയ്ക്ക് പത്തു രൂപ വില കിട്ടാതെ കര്‍ഷകര്‍ ചോളം കൃഷി വിട്ടപ്പോള്‍ കാല്‍കിലോയ്ക്ക് നൂറു രൂപയുള്ള കേല്ലോഗ്സ് ചോക്കോസ് നമ്മടെ വീട്ടിലെത്തി...
ഇങ്ങനെ പറയാനും, കേക്കാനും കൊറേ ഉണ്ട് ....
തിന്നുമ്പോ എങ്കിലും ബ്രാന്‍ഡ് നോക്കാതെ ഇരിക്കുക, വേറെ രാജ്യത്തു നിന്നും വരുന്ന എല്ലാ മുതലാളിമാര്‍ക്കും നമ്മുടെ വയറു നന്നാക്കിയ പുണ്യം അല്ല വേണ്ടത്, കാലിയായ കീശയാണ്. അതോണ്ട് കണ്ണ് തുറന്നു പിടിച്ചു ഇരിക്കുക...
കാതു തുറന്നിരിക്കുക...
1 comment:
ഹാവൂൂ.
തമാശ പോലെ ആണെങ്കിലും വളരെ ആനുകാലീകമായ ലേഖനം.
ഇനിയും.എഴുതുമെന്ന ധാരണയിൽ ഫോളോ ചെയ്യുന്നു.
Post a Comment