Tuesday, August 3, 2010

നിയോഗം + വിനിയോഗം + വിയോഗം = ജിവിതം

നിയോഗം + വിനിയോഗം + വിയോഗം 
                           =  ജീവിതം                      

ഈ വാക്കിന്‍റെ അര്‍ത്ഥതലങ്ങള്‍ തേടിയാണ് ഓരോ മനുഷ്യന്‍റെയും ജീവിതയാത്ര.

എന്താണ് എന്‍റെ നിയോഗം?
ഇപ്പോള്‍ എന്‍റെ മനസ്സില്‍ മറ്റൊരു വാക്ക് കടന്നു വരുന്നു; "വിയോഗം".   
ജീവിതത്തില്‍ ഒരുപാടു ഉയരത്തിലെത്തി, അല്ലെങ്കില്‍ ഒരുപാട് ദൂരം താണ്ടിയശേഷം, ഒരുനാള്‍ ആ വാക്കിനും ഒരവസരം നമ്മുടെയെല്ലാം ജീവിതത്തില്‍ വരും; ഒരേ ഒരു അവസരം മാത്രം! 


അപ്പോള്‍ എന്താണ് ചുരുക്കത്തില്‍, നിയോഗത്തിനും വിയോഗത്തിനും ഇടക്കുള്ള ഒരുപാട് അവസരങ്ങളുടെ വിനിയോഗമാണ് നമ്മുടെയെല്ലാം ജീവിതം.


ഇന്നലെ  മലയാള മനോരമ ചീഫ് എഡിറ്റര്‍ ശ്രീ കെ. എം. മാത്യു അന്തരിച്ചു. 
"പത്രത്തിന്‍റെ വികസനധര്‍മ്മത്തിലൂന്നിയ പ്രവര്‍ത്തനങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങളിലൂടെയും ഇടപെടലുകളിലൂടെയും കേരളത്തിന്‍റെ സമഗ്രപുരോഗതിക്കായി അദ്ദേഹം കര്‍മ്മജീവിതം സമര്‍പ്പിച്ചു.  പത്രാധിപര്‍ എന്ന നിലയില്‍ അരനൂറ്റാണ്ടിലേറെ കേരളത്തിന്‍റെ സാമൂഹിക, സാംസ്കാരിക ജീവിതത്തിനും രാഷ്ട്രീയമേഖലയിലും മായ്ക്കാനാവാത്ത മുദ്രകള്‍ ചാര്‍ത്തിയാണ് കെ..എം. മാത്യു യാത്രയായത്" എന്നാണു "മലയാള മനോരമ" അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.


ഇന്ന് എന്‍റെ ഒരു സുഹൃത്തിന്‍റെ അമ്മ അന്തരിച്ചു.  അവര്‍ തന്‍റെ ഔദ്യോഗിക ജീവിതത്തിരക്കുകള്‍ക്കൊപ്പം മാതൃത്വത്തിന്റെ എല്ലാ കടമകളും ശരിയാംവണ്ണം നിര്‍വഹിച്ചു. തന്‍റെ ഭര്‍ത്താവിന്‍റെ വേര്‍പാടിലും മക്കളെ വേണ്ടവിധം പോറ്റിവളര്‍ത്തി; വലുതാക്കി, സ്വന്തം കാലില്‍ നില്‍ക്കാന്‍ അവരെ പഠിപ്പിച്ചു.   
കാരണം, അവരിതെല്ലാം ചെയ്തത് അവരുടെ മാത്രം നന്മയെകരുതിയല്ല; പിന്നെയോ മറ്റുള്ളവര്‍ക്ക് വേണ്ടികൂടിയാണ്.  തനിക്കു ചുറ്റിനും ഉള്ളവരോട്കൂടി, സ്നേഹം ഉണ്ടെങ്കില്‍ മാത്രമേ ഇങ്ങനെ ജീവിച്ചു മരിക്കാന്‍ കഴിയു.  തങ്ങളുടെ കടമകള്‍ നിറവേറ്റുന്നതില്‍ അവര്‍ വിജയിച്ചതിനൊപ്പം, മറ്റുള്ളവര്‍ക്ക് അവര്‍ സ്നേഹം പകര്‍ന്നു നല്‍കി; താന്താങ്ങളുടെ ജീവിതം സാര്‍ത്ഥകമാക്കി; അര്‍ത്ഥപൂര്‍ണ്ണമാക്കി.

നമുക്ക് ചുറ്റും നോക്കുമ്പോള്‍ ഇതുപോലുള്ള ഒത്തിരി ജീവിതങ്ങളെ കാണാന്‍ കഴിയും. മറ്റുള്ളവര്‍ക്ക് തങ്ങളുടെ ജീവിതത്തിലൂടെ സ്നേഹം പകര്‍ന്നു നല്‍കുന്നവര്‍.....

പക്ഷെ നമ്മളോ? നമ്മുടെ ജോലിത്തിരക്കുകള്‍ക്കിടയില്‍ നമ്മില്‍ ചിലര്‍  വീട്ടുകാരെ മറക്കുന്നു, കൂട്ടുകാരെ ഒഴിവാക്കുന്നു, അയല്‍ക്കാരെ അവഗണിക്കുന്നു, നാട്ടുകാരെ ഗൌനിക്കുന്നില്ല, സ്വന്തം നാടിനെ തന്നെ വെറുക്കുന്നു!

എന്തിനു വേണ്ടിയാണിതെല്ലാം നാം ചെയ്യുന്നത്? 
ആര്‍ക്കു വേണ്ടിയാണിതെല്ലാം നാം ചെയ്യുന്നത് ?

ഈ ചോദ്യങ്ങള്‍ക്ക് നമ്മുടെ മനസ്സില്‍ എന്തെങ്കിലും സ്ഥാനം ഉണ്ടെങ്കില്‍ എത്ര നന്നായിരുന്നേനെ!

നമ്മുടെ നിയോഗങ്ങളെ തിരിച്ചറിയാം
സ്നേഹമാണ് നമ്മുടെ നിയോഗങ്ങളുടെ കാതല്‍..;
നിയോഗം: നന്മ ചെയ്യാനുള്ള അവസരങ്ങളാണ് നമ്മുടെ ജീവിതനിയോഗം

വിനിയോഗം: നമ്മുടെ അവസരങ്ങളെ വിനിയോഗിക്കാം.
വിയോഗം: നമ്മുടെ വിയോഗം - അതെപ്പോഴെന്നാര്‍ക്കറിയാം!



No comments: