Saturday, October 6, 2012

എന്ത് പറയാനാ.... അവര്‍ക്ക് സമയമില്ലാത്രേ!!!



അവര്‍ക്ക് സമയമില്ലാത്രേ!!!
ആ 17 ഇന്ത്യന്‍ ജീവിതങ്ങള്‍ക്ക് 
ഇവിടെ ഒരു വിലയുമില്ലേ? 

        (എം.ടി. റോയല്‍ ഗ്രേസ്' എന്ന കപ്പല്‍ - ഒരു ഫയല്‍ ചിത്രം)

2012 മാര്‍ച്ച്‌ 2-)൦ തിയതിയാണ് ഷാര്‍ജ്ജയില്‍നിന്നും ആഫ്രിക്കയിലെ നൈജീരിയയിലേക്കുള്ള യാത്രയില്‍ 'M.T. ROYAL GRACE' എന്ന എണ്ണകപ്പല്‍ സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചിയ വിവരം പുറംലോകം അറിയുന്നത്.  ആ കപ്പലില്‍ ആകെയുള്ള 22 പേരില്‍,  5 മലയാളികളടക്കം വിവിധസംസ്ഥാനക്കാരായ 17 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് ഇതുവരെ കിട്ടിയിട്ടുള്ള വിവരം.

ഇത്രനാളും കപ്പലുടമ മോചനദ്രവ്യവുമായി വരാത്തതായിരുന്നു ഒരു കുറവ്.  അവസാനം, കൊള്ളക്കാര്‍ ചോദിച്ച (15 കോടി) പണവുംകൊണ്ട് കപ്പലുടമ വന്നപ്പോള്‍; നമ്മുടെ സ്വന്തം ഉദ്ദ്യോഗസ്ഥരിലെ ചില ഡാഷ്മക്കളുടെ തരികിട!  നമ്മുടെ രാജ്യത്തിന്‍റെ പ്രതിനിധിയായി ഒരു പട്ടിപോലും ദുബായില്‍ ചെന്നില്ല എന്നാണ് പത്രവാര്‍ത്ത!!! അത്കൊണ്ടുതന്നെ ബന്ദികളുടെ മോചനത്തിനായുള്ള ചര്‍ച്ച നടന്നില്ല!  നമ്മുടെ രാജ്യത്തിന്‍റെ പ്രതിനിധിയുടെകൂടി സാന്നിധ്യത്തില്‍മാത്രമേ കപ്പല്‍കൊള്ളക്കാരുടെ മധ്യസ്ഥന്‍ (ആരാണാവോ!) ബന്ദികളുടെ മോചനത്തിനായി ചര്‍ച്ചചെയ്യുകയും, മോചനദ്രവ്യം സ്വീകരിക്കുകയും ചെയ്യുകയുള്ളൂത്രെ.   അത് പോകാതിരുന്ന ആ 'പട്ടി'കള്‍ക്ക് അറിയാന്‍മേലാഞ്ഞിട്ടല്ല, അവര്‍ ചെന്നില്ല; അത്രതന്നെ.  ആരുണ്ട് നിസ്സഹായരായ ആ ബന്ദികള്‍ക്ക് വേണ്ടി ചോദിക്കാന്‍?


കുറച്ച്നാള്‍ മുന്‍പ് രണ്ട് ഇറ്റാലിയന്‍ പട്ടാളക്കാര്‍, മീന്‍പിടിത്തക്കാരായ നമ്മുടെ രണ്ട് പൌരന്മാരെ, നമ്മുടെ നാവിക അതിര്‍ത്തിയില്‍ വച്ച്  വെടിവച്ചുകൊന്നതിനു ഇവിടെ ജയിലില്‍ ആയി. അപ്പോള്‍ ഉടനെ ഇറ്റാലിയന്‍ സര്‍ക്കാര്‍ അതിന്‍റെ വലിയൊരു ഉന്നതതലസംഘത്തെ തന്നെ പലതവണ ഇവിടെ അയച്ച്, അവര്‍ക്കാവശ്യമായ എല്ലാ നിയമാനുസൃതസഹായവും ചെയ്ത്‌പോരുന്നു.  അതല്ലാതെ തന്നെ, 'മറ്റുപല'വിധ നയതന്ത്ര ഇടപെടലുകളും നടത്തിയെന്ന് നമ്മള്‍ പലവട്ടം കേട്ടിരിക്കുന്നു.  അതാണ്‌ സ്വന്തം പൌരന്മാര്‍ക്ക് മൂല്ല്യംകല്‍പ്പിക്കുന്ന ഒരു നാടിന്‍റെ ഗവണ്‍മെന്റും അതിന്‍റെ ഉദ്യോഗസ്ഥവൃന്ദവും ചെയ്യേണ്ടത്.

ഇവിടെ, നമ്മുടെ ഈ പൌരന്മാര്‍ സ്വന്തം വീടിനും, അതുവഴി നമ്മുടെ രാജ്യത്തിനുംവേണ്ടി കഷ്ടപെട്ട് നാല് കാശ് (കള്ളപ്പണം അല്ല) സമ്പാദിക്കാന്‍ കപ്പല്കയറിയപ്പോള്‍, അത് സോമാലിയക്കാരായ ചില നായിന്‍റെമക്കള് റാഞ്ചി.   അതുപോട്ടെ, ആ കടല്‍കൊള്ളക്കാര്‍ അവരുടെ വയറ്റിപ്പിഴപ്പിന് നോക്കിയതാണെന്ന് വയ്ക്കാം.  പക്ഷെ, ഈ രാജ്യത്തെ പൌരന്മാരുടെ മാനത്തിനും, ജീവനും, സ്വത്തിനും സംരക്ഷണം നല്‍കേണ്ട നമ്മുടെ കേരള-കേന്ദ്രസര്‍ക്കാരുകളും, അതിലെ ഉദ്യോഗസ്ഥവൃന്ദവും, വിദേശകാര്യമന്ത്രാലയവും, പ്രവാസികാര്യവകുപ്പും മറ്റും, ഈ പ്രശ്നത്തില്‍ എന്ത് ക്രിയാത്മക നടപടികളും, വേഗത്തില്‍ ഫലവത്തായ എത്ര ഇടപെടലുകളുമാണ് ഇതുവരെ നടത്തിയിട്ടുള്ളത്‌, എന്ന് നമ്മള്‍ ജനങ്ങള്‍ ചിന്തിച്ച്, ശക്തമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. കാരണം, കടലുകളൊന്നും വറ്റിപോകാന്‍ സാധ്യതയില്ല; കപ്പലുകള്‍ ഇനിയും ഓടും; നമ്മുടെ പലരും അതില്‍ പലതിലും ജോലിചെയ്യും; അവയും റാഞ്ചപ്പെടാം!  അന്നും, ഇന്ന് പോകാതിരുന്നവര്‍ അവിടെയൊക്കെതന്നെ കണ്ടേക്കാം. നമ്മുടെ നിസംഗത ഇവറ്റകള്‍ക്ക് ഒരു വളം ആകാന്‍ പാടില്ല തന്നെ.  അതിനായി നമ്മള്‍ ഇനിയും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്‌... .

കടല്‍കൊള്ളക്കാരുടെ പിടിയില്‍പെട്ടിരിക്കുന്ന നമ്മുടെ ഇന്ത്യന്‍സുഹൃത്തുക്കളുടെ മാതാപിതാക്കള്‍, അങ്ങു ഡല്‍ഹിയില്‍ ചെന്ന്‍ സത്യാഗ്രഹം ഇരിക്കുമ്പോള്‍ തന്നെയാണ് നീചവും, നികൃഷ്ടവും, നിന്ദ്യവും, തികച്ചും അപലപനീയവുമായ ഈ ഗുരുതര-കൃത്യവിലോപം നടന്നിരിക്കുന്നത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു!  ഇതിനു നമ്മുടെ കേന്ദ്രഗവണ്‍മെന്റിലെ ഉദ്ദ്യോഗസ്ഥരുടേയും, മന്ത്രിമാരുടേയും, മന്ത്രാലയങ്ങളുടേയും, ജനപ്രതിനിധികളുടേയും ഒക്കെ അലംഭാവവും, ജാഗ്രതകുറവും കാരണമായിട്ടുണ്ട് എന്നുള്ളത് നിസ്തര്‍ക്കമായ വസ്തുതയാണ്.  നമ്മുടെ ഭരണാധികാരികളുടെ ഇത്തരം അക്ഷന്തവ്യമായ അലംഭാവത്തിനെതിരെ നമ്മളെല്ലാവരും ശക്തമായി പ്രതിഷേധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം, ഇത് കേവലം, ഒരു സ്റ്റാന്‍ലി അല്ലെങ്കില്‍  ഡിബിന്‍ എന്നിവരുടെയും, അവരുടെ ഉറ്റവരുടേയും മാത്രം പ്രശ്നമല്ല, മറിച്ച് നമ്മളോരോരുത്തരുടേയും പ്രശ്നമാണ്. നാളെയൊരുനാള്‍, നമ്മുടെ ആര്‍ക്കെങ്കിലും ഒരു പ്രതിസന്ധിഘട്ടത്തില്‍, ഭരണാധികാരികളുടെ ഇതുപോലുള്ള അലംഭാവത്തിന്‍റെ ദുരനുഭവങ്ങള്‍ വരില്ലെന്നാരുകണ്ടു!



(കരുവന്നൂര്‍ ഇടവകയില്‍ രൂപംകൊണ്ടിട്ടുള്ള 'ആക്ഷന്‍ കൌണ്‍സില്‍' നോട്ടിസ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)


(06-ഒക്ടോബര്‍ -2012ന്  'മാതൃഭൂമി' പത്രത്തില്‍ വന്ന വാര്‍ത്ത ഇവിടെ വായിക്കാം.)



കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സോമാലിയന്‍ കടല്‍കൊള്ളകാരുടെ പിടിയില്‍ കഴിയുന്ന മറ്റൊരു 7 ഇന്ത്യകാരുടെ വാര്‍ത്ത‍ ഇവിടെ വായിക്കാം.




No comments: