ദേ പിന്നേ, ഞാന്‍ ഇന്നസെന്‍റ് ആയതോണ്ടു പറയുവാ.... ഒന്നും തോന്നരുത്. - എന്ന എന്‍റെ ബ്ലോഗ് പോസ്റ്റ് വായിച്ചിട്ട് ഫേസ്ബുക്ക്-ല്‍ നടന്ന ഒരു ചര്‍ച്ചയിലേക്ക്, താങ്കളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. ഇതാണ് ആ ചര്‍ച്ചയുടെ പ്രസക്തമായ ഒരു ഭാഗം.
@Pratheesh Kumar,
പോയിന്‍റ് 1: താങ്കള്‍ പറഞ്ഞത് "ദേഹം വിയര്‍ക്കാതെ ഭക്ഷിക്കാനും സുഖിച്ചു ജീവിക്കാനും പുരോഹിത വര്‍ഗം സൃഷ്ടിച്ചതാണ് എല്ലാ മതങ്ങളും. അതിനു മാനസികമായി അടിപ്പെട്ടു പോയ താങ്കളെ പോലുള്ളവരെക്കുറിച്ച് എന്ത് പറയാന്‍" എന്നാണ്.
ആദ്യമേ പറയട്ടെ... ഞാന്‍ ഒരു പുരോഹിതനല്ല; എനിക്കൊരു പുരോഹിതനോടും വിരോധമില്ല. പിന്നെ, ആളുകളെ 'പറ്റിച്ചും' പലവിധത്തില്‍ 'വഞ്ചിച്ചും' ജീവിക്കുന്ന ഒരുവിഭാഗം എവിടെയുമുണ്ട്; താങ്കളീ പറയുന്ന 'ഡോക്ടര്‍'മാരുടെ ഇടയിലും വിവിധതരം 'ചികിത്സാ' സമ്പ്രദായങ്ങളിലും എല്ലാമീ കൂട്ടരുണ്ട്. എന്ന് വച്ച്, താങ്കള്‍ പറഞ്ഞത് പോലെ "ദേഹം വിയര്‍ക്കാതെ ഭക്ഷിക്കാനും സുഖിച്ചു ജീവിക്കാനും ചികിത്സക വര്‍ഗം സൃഷ്ടിച്ചതാണ് എല്ലാ ചികിത്സകളും. അതിനു മാനസികമായി അടിപ്പെട്ടു പോയ താങ്കളെ പോലുള്ളവരെക്കുറിച്ച് എന്ത് പറയാന്‍" - എന്ന്‍ ഞാന്‍ പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയുമോ?
നമ്മുടെ ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ 'തിന്മ' അല്ലെങ്കില്‍ 'ചീത്ത' ആയ നിരവധി കാര്യങ്ങളും സ്വാധീനങ്ങളും ഉണ്ട് എന്നതൊരു വാസ്തവം മാത്രമാണ്. അതിനെ അംഗീകരിക്കുന്നു.
പോയിന്‍റ് 2: താങ്കള്‍ പറഞ്ഞത് "മാര്‍പാപ്പ ആസുഖം മൂലം വിരമിച്ചു, 'അയാളുടെ' അനാരോഗ്യം മാറ്റാത്ത ദൈവം ആണ് ഇന്നസെന്റിനെ തുണക്കുന്നത്"
രോഗാരോഗ്യങ്ങള്‍ ഉള്‍പ്പടെ മനുഷ്യജീവിതത്തില്‍ നിരവധി ഉയര്‍ച്ചതാഴ്ച്ചകള്‍ ഉണ്ടല്ലോ. ഇതിലെല്ലാം ദൈവകരം കാണാന്‍ 'ഉള്‍ക്കണ്ണ്‍' എന്ന്‍ പഴമക്കാര്‍ വിളിക്കുന്ന 'വിശ്വാസം' വേണം; എന്നാലെ കാണാന്‍ പറ്റൂ. ഇതിന് ഇടക്കൊക്കെ എങ്കിലും ഏതെങ്കിലും മതഗ്രന്ഥങ്ങള്‍ വായിക്കുന്നത് കൊള്ളാം. ഇഷ്ടപ്പെട്ടില്ലേ? എങ്കില്‍ വഴിയുണ്ട്: 'നല്ല' കഥകള്‍, കവിതകള്‍, സിനിമകള്‍ എന്നിവ ആസ്വദിച്ചാലും മതി എന്നാണ് ഈ എളിയവന്‍റെ മതം (അഭിപ്രായം).
ഉദാ: മമ്മൂട്ടിയുടെ: "മേഘം", "ജവാന്‍ ഓഫ് വെള്ളിമല", "ഇമ്മാനുവല്‍",
മോഹന്‍ലാലിന്‍റെ: "ലൈഫ് ഈസ് ബ്യൂട്ടിഫുള്‍",
ജയറാമിന്‍റെ: "മനസ്സിനക്കരെ", "കൈക്കുടന്ന നിലാവ്",
ദിലീപ്ന്‍റെ: "വെട്ടം",
പ്രിത്വിരാജ്‌ന്‍റെ: "ഇന്ത്യന്‍ കറന്‍സി"....
ഈ ലിസ്റ്റ് ഏറെ നീളും - എതെങ്കിലുമൊക്കെ കണ്ടുനോക്ക്.
പിന്നെ മാര്‍പ്പാപ്പ 266മത് ആയിട്ടാണ് His Hex. "ഫ്രാന്‍സിസ്-1" പപ്പാ വന്നത്. ഇതിനു മുന്‍പും 3 മാര്‍പ്പാപ്പമാര്‍ സ്ഥാനത്യാഗം ചെയ്തിട്ടുണ്ട്; മരിച്ചു പോയിട്ടുണ്ട്. ഇതൊക്കെ ഈ ലോകനിയമമാണ്; ആര്‍ക്കും തടുക്കാന്‍ പറ്റില്ല. മരണമില്ലാത്തവന്‍ ദൈവം മാത്രമാണ്.
പോയിന്‍റ് 3: താങ്കള്‍ പറഞ്ഞത്:
"ഞാന്‍ ഉള്‍പ്പടെ നിരവധി അവിശ്വാസികള്‍ ഈ ലോകത്ത് ഉണ്ട്. ഞങ്ങള്‍ പ്രാര്‍ത്ഥന ഇല്ലാതെ മരുന്ന് മാത്രം കഴിച്ചാണ് അസുഖം മാറ്റുന്നത് !!!!! " - എന്നാണ്.
ഞാന്‍ ഉള്‍പ്പടെ ഒട്ടേറെ ദൈവവിശ്വാസികള്‍ (വിവിധ മതക്കാരായ ദൈവവിശ്വാസികള്‍) ഈ ലോകത്ത് ഉണ്ട്. ഞങ്ങളെല്ലാം പ്രാര്‍ത്ഥനയോട് കൂടി മരുന്നു കഴിച്ചാണ് അസുഖത്തിന് ശമനം ഉണ്ടാക്കുന്നത്. (ആവശ്യമാണെങ്കില്‍ വെള്ളവും കുടിക്കും കേട്ടോ!) പിന്നെ, അവനവന്‍റെ വിശ്വാസത്തിന്‍റെ തോതനുസരിച്ച് പ്രാര്‍ത്ഥന ചെയ്തും, ദൈവത്തോട് യാചിച്ചും ചിലവ ദൈവം മരുന്നില്ലാതെതന്നെ, എടുത്തുമാറ്റിയിട്ടുണ്ട്.
പോയിന്‍റ് 4: താങ്കള്‍ പറഞ്ഞത്:
"ദൈവ വിശ്വാസികള്‍ ചുണയുണ്ടെങ്കില്‍ മരുന്ന് കഴിക്കാതെ പ്രാര്‍ത്ഥിച്ചു മാറ്റിക്കാണിക്ക് !!!!! " - എന്നാണ്.
അതിനുള്ള എന്‍റെ വിനീതമായ മറുപടി ഇതാണ്: "എനിക്ക് നല്ല ചുണയും വിശ്വാസവുമുണ്ട്; എന്‍റെ കൂടെ വരൂ; ഞാന്‍ കാണിച്ച് തരാം പ്രാര്‍ഥിച്ചുമാത്രം രോഗം മാറ്റുന്നവരെ, പ്രാര്‍ഥിച്ചുമാത്രം രോഗം മാറുന്നവരെ, മാറിയവരെ, പ്രാര്‍ഥിച്ചുമാത്രം രോഗം മാറിയവരെ; പ്രാര്‍ഥിച്ചുമാത്രം രോഗം മാറുന്ന സംഭവങ്ങള്, പ്രാര്‍ഥിച്ചുമാത്രം രോഗം മാറിയ സ്ഥലങ്ങള്‍; ധൈര്യമുണ്ടോ എന്‍റെ പ്രിയ സുഹൃത്തെ വരാന്‍? ഈ സംഭവങ്ങള്‍ വെറുതെ നേരിട്ട്കാണാന്‍ താങ്കള്‍ തയ്യാറാണോ?".
ഇത്തരം സംഭവങ്ങള്‍ ആ പ്രാര്‍ത്ഥന ചെയ്യന്ന ആളിന്‍റെ കഴിവോ പ്രാഭാവമോ കൊണ്ടല്ല സംഭവിക്കുന്നത്; മറിച്ച് അവിടെ നടക്കുന്നത് ദൈവത്തിന്‍റെ 'പ്രത്യേകമായ ഇടപെടല്‍' ആണ്.
പോയിന്‍റ് 5: താങ്കള്‍ പറഞ്ഞത്: "ശാസ്ത്രത്തിന്റെ സകല പ്രയോജനവും ഉപയോഗിച്ചിട്ട് അതിനെ തള്ളി പറയാന്‍ നാണമില്ലേ ?????" - എന്നാണ്.
ഞാന്‍ ശാസ്ത്രത്തിനെ തള്ളിപറഞ്ഞിട്ടില്ല. മാത്രമല്ല, ശാസ്ത്രത്തെ വളരെയധികം ആശ്രയിച്ച് ജീവിക്കുന്ന ഒരാളാണ്. പക്ഷെ, ശാസ്ത്രമാണ് 'എല്ലാം' എന്നുള്ള വിഡ്ഢിത്തരത്തിന് ഞാന്‍ കടുത്ത എതിരാണ്. ശാസ്ത്രത്തിന് ഉത്തരമോ, അല്ലെങ്കില്‍ വെറുതെ ഒന്ന് വിശദീകരണം പോലുമോ നല്‍കാന്‍ സാധിക്കാത്ത നിരവധി നിരവധി പ്രതിഭാസങ്ങള്‍ (പ്രപഞ്ചത്തിലുള്ളത് വിട്) ദിനംപ്രതി ഈ ലോകത്തില്‍ത്തന്നെ നടക്കുന്നുണ്ട്. അപ്പോള്‍പിന്നെ ശാസ്ത്രമാണ് എല്ലാം എന്നും അതില്‍ എല്ലാം അടങ്ങിയിരിക്കുന്നു എന്നും പറഞ്ഞാല്‍ അത് സമ്മതിച്ച്തരാന്‍മാത്രം 'അറിവും' 'ബുദ്ധിയും' ഒന്നും എനിക്കില്ല തന്നെ. കാരണം, നമ്മുടെ കാര്‍ന്നവന്‍മാര്‍ പണ്ടേ ഇത് പറഞ്ഞു വച്ചിട്ടുണ്ടെന്നേ.... "തെങ്ങിനും കവുങ്ങിനും ഒരേ തളപ്പിടരുത്" എന്ന്.
താങ്കളുടെ വാദഗതിയനുസരിച്ച് താങ്കള്‍ 'കാറ്റില്‍' വിശ്വസിക്കുന്നു; പക്ഷേ 'വായു' എന്നൊന്ന് ഉണ്ടെന്ന് സമ്മതിക്കാന്‍ താങ്കള്‍ക്ക് പ്രയാസം!!!
ശാസ്ത്രവും ദൈവവിശ്വാസവും രണ്ടും എതിരല്ല; അവ പരസ്പരപൂരകങ്ങളാണ്. ഇവരണ്ടും നമുക്ക് തന്നത് ദൈവം ആണ്. ഒന്ന് തനിക്ക് ദൈവം തന്ന ബുദ്ധി ഉപയോഗപ്പെടുത്തി തന്‍റെ ജീവിതം തനിക്കിഷ്ടപ്പെട്ടരീതിയില്‍ ക്രമപ്പെടുത്താന്‍ നമ്മെ സഹായിക്കുന്നു. മറ്റൊന്ന് തന്‍റെ യുക്തിക്കും ബുദ്ധിക്കും ചിന്തക്കും ശക്തിക്കുമപ്പുറവും ചിലതുണ്ടെന്നും അവ തന്‍റെ കൈപപിടിയിലല്ലെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നു; തന്‍റെ സ്രഷ്ടാവിന്‍റെ 'ഹിതം' അനുസരിച്ച് തന്‍റെ ജീവിതഗതി (ആവശ്യമെങ്കില്‍) പുന:ക്രമീകരിക്കാന്‍ നമ്മെ സഹായിക്കുന്നു.
പോയിന്‍റ് 5: താങ്കള്‍ പറഞ്ഞത്: [ "പ്രാര്‍ത്ഥനകളുടെ കൂടെ നേര്‍ച്ചകാഴ്ച്ചകള്‍ 'നേരുന്നത്' ഒരു നല്ല കാര്യം തന്നെയാണ് " എന്ന് താങ്കള്‍ പറഞ്ഞിരിക്കുന്നു പുരോഹിതന്മാര്‍ക്ക് ജീവിക്കണമല്ലോ ???? ]
അതെ, പുരോഹിതരും മനുഷ്യരല്ലേ; ജീവിക്കട്ടെന്നേയ്. ഞാന്‍ നേര്‍ച്ചകാഴ്ച്ചകള്‍ 'നേരുക' മാത്രമല്ല; അത് നിറവേറ്റുകയും ചെയ്യുന്നുണ്ട്. അത് പക്ഷെ, എന്‍റെ ബ്ലോഗില്‍ പറഞ്ഞിട്ടുള്ളതുപോലെതന്നെ, ദൈവത്തിന് ഒരു കൈക്കൂലി കൊടുക്കലായല്ല കേട്ടോ. മറിച്ച്, ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടതിന്‍റെ വെളിച്ചത്തില്‍ എന്‍റെ നന്ദിനിറഞ്ഞ മനസ്സിന്‍റെ വളരെ ചെറിയ ഒരു പ്രതിഫലനം ('പ്രതിഫല'മല്ല) മാത്രമാണത്. ഒരു പക്ഷെ, എന്‍റെ പ്രാര്‍ഥനാനിയോഗം ഫലമണിഞ്ഞില്ലെങ്കില്‍കൂടി എനിക്ക് നിരാശയോ വിഷമമോ ഇല്ല; കാരണം അത് എന്നെകുറിച്ചുള്ള ദൈവേഷ്ടമല്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു.
ഏകദേശം 25 കൊല്ലം മുമ്പ് എന്‍റെ ഗ്രാമത്തില്‍ യുവാവായ ഒരു വലിയ നിരീശ്വരവാദി ചേട്ടന്‍ ഉണ്ടായിരുന്നു. അദ്ദേഹം ദൈവമില്ലെന്ന് വാദിച്ച് നടന്നിരുന്നത് എന്‍റെ സ്കൂള്‍കാലഘട്ടത്തിലും, കൗമാരപ്രായത്തിലും ഞാന്‍ കണ്ടിട്ടുണ്ട്. എന്നോടും കൂട്ടുകാരോടുമൊക്കെ അദ്ദേഹം തന്‍റെ വാദഗതികള്‍ നിരത്തി വളരെ വസ്തുനിഷ്ഠമായി പലപ്പോഴും സംസാരിച്ചിട്ടുണ്ട്. പക്ഷെ, വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നീടൊരുനാള്‍ വളരെ പ്രസിദ്ധ ധ്യാനകേന്ദ്രമായ 'പോട്ട ആശ്രമത്തിന്‍റെ' ആധ്യാത്മിക പ്രസിദ്ധീകരണമായ 'വചനോല്‍സവം' എന്ന മാസിക പലര്‍ക്കും കൊടുത്ത് നടക്കുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിലെ ഏതെങ്കിലും ഒരു ദശാസന്ധിയില്‍ അദ്ദേഹം ദൈവത്തെ കണ്ടുമുട്ടിയിരിക്കും.
സ്വജീവിതത്തില്‍ ദൈവാന്വേഷണം നടത്തുന്നതൊക്കെ നല്ല കാര്യം. പക്ഷെ ഓര്‍ക്കുക; ഒരുപാടുപേര്‍ ജീവിച്ചു മരിച്ച ഭൂമിയില്‍ തന്നെയാണ് നമ്മളും ജീവിക്കുന്നത്. അവരില്‍ ചിലരുടെയെങ്കിലും ജീവിതം നമുക്ക് വഴികാട്ടിയാകേണ്ടതാണ്. കാരണം, ചിലരുടെ ജീവിതം നമ്മളെ, നമ്മള്‍ എന്താകരുത് എന്ന് പഠിപ്പിക്കുമ്പോള്‍, മറ്റു ചിലരുടെ ജീവിതം, നമ്മള്‍ എങ്ങനെയാകണം എന്നാണു പഠിപ്പിക്കുന്നത്. ഈയൊരു വ്യത്യാസം തിരിച്ചറിയാതെ പോകുന്നതാണ് നമ്മുടെയൊക്കെ പ്രശനം എന്ന്‍ തോന്നുന്നു.
ഞാനീയിടെ വായിച്ച ഒരു quote ഇവിടെ കുറിച്ച്കൊണ്ട് നിറുത്തട്ടെ; അത് ഏകദേശം ഇപ്രകാരമായിരുന്നു...
"We've to learn from other people's mistakes, becuase our life is too short to make them all by ourself".
അതെ... ജീവിതം വളരെ ചെറുതാണ്; അത് തെറ്റുകള്‍ ചെയ്തും, വഴിതെറ്റി നടന്നും ചില മിഥ്യധാരണകളുടെപുറത്ത് വെറുതെ നഷ്ട്ടപെടുത്തി കളയാനുള്ളതല്ല.
2 comments:
കരുതിക്കൂട്ടി മനുഷ്യ വംശത്തെ ഉപദ്രവിക്കാനായി ആരോ മെനഞ്ഞെടുത്ത ഒരു സാധനമായി മതത്തെ അവതരിപ്പിയ്ക്കുന്നത് അത്ര യുക്തിയായി തോന്നിയില്ല . >>>കരുതി കൂടി ഉപദ്രവിക്കാന്‍ ഉണ്ടായത് അല്ല. മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ , അവന്റെ പരിമിതിയ്ടില്‍ നിന്നും ഉണ്ടായത് ആണ് ദൈവം. താന്‍ പലതും ശ്രിശഠിക്കുന്നു. അപ്പോള്‍ പ്രകൃതിയും ശ്രിഷ്ടികപെട്ടത് അല്ലെ എന്നാ ചോദ്യത്തില്‍ നിന്ന്നും. ഇന്നും ഒന്നും ശ്രിശ്ടിക പെട്ടത് എല എന്ന് മനസില്‍ ആവാന്‍ സാധരണ ജനങ്ങള്‍ക് ബുദ്ധി മുട്ട് ആണ്. അത് പരിനമിച്ചപോള്‍ അവന്റെ രാഷ്ട്രീയ ആവശ്യം കൂടി ആണ് മതം . ഇന്നും അവന്റെ ചൂഷണ വ്യവസ്തളുടെ ആത്മീയത ആയി അത് കൊണ്ട് ആണ് മതം നിലനില്കുന്ന്തു.അപ്പോള്‍ വയകതികം ആയ പരിമതി , സംമോഹിക പരിമിതി , അത് പോലെ പ്രപാന്ചിക പരിമിതി അവയുടെ പ്രത്യയ ശാസ്ത്രം ആണ് മതവും അതിന്റെ സാമ്ക്ലപിക രാജവു ആണ് ദൈവം.
ശ്രീ.Pankaj, താങ്കളുടെ കമന്റിന് നന്ദി.
പക്ഷെ, ഞാനൊരു അടിയുറച്ച ദൈവവിശ്വാസിയാണ്; ഒരു കത്തോലിക്കനാണ്. അതിനാല്‍തന്നെ, എനിക്ക് താങ്കളുടെ വാദമുഖങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. :)
Post a Comment