Friday, August 9, 2013

ആജീവനാന്ത കാന്‍സര്‍ സുരക്ഷ വെറും 500 രൂപയ്ക്ക്!

കാന്‍സറിന് ഇന്ന് ചെലവുകുറഞ്ഞ പരിശോധനാരീതികള്‍ ലഭ്യമാണ്. ഡോക്ടറുടെയോ ആസ്പത്രിയുടെയോ സഹായംപോലും ആവശ്യമില്ലാതെ ചെയ്യാം. ഇത് ആരും അത്ര ഗൗരവമായി എടുക്കുന്നില്ല. ഇതുമൂലം നിത്യദുരിതത്തിലേക്കും കഷ്ടപ്പാടിലേക്കും വഴിതെളിയുന്നു. കാന്‍സര്‍മൂലം കുടുംബത്തിന്‍റെ സാമ്പത്തികഭദ്രത തകരുന്നു.


കാന്‍സര്‍ ചികിത്സ ചെലവേറിയതാണ്. കുടുംബത്തി
ന്‍റെ സാമ്പത്തികഭദ്രത കാന്‍സര്‍ തകര്‍ക്കും. അതൊഴിവാക്കാന്‍ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫില്‍ അംഗമായി ചേരണം. ഏറ്റവും ചുരുങ്ങിയത് 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ ചികിത്സാപരിരക്ഷ വെറും 500 രൂപയ്ക്ക്  ഉറപ്പുവരുത്താനുള്ള പദ്ധതിയാണ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍ററിന്‍റെ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്.

500 രൂപ കൊടുത്താല്‍ 50,000 രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 
1,000 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 
1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും. 
2,000 രൂപ മുടക്കിയാല്‍ രണ്ടുലക്ഷം രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 
10,000 രൂപ മുടക്കിയാല്‍ 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സലഭിക്കും.

ഈ പദ്ധതിയുടെ പ്രത്യേകതകള്‍
  • അംഗത്വഫീസ് ഒറ്റത്തവണ മാത്രം അടച്ചാല്‍ മതിയാകും.
  • വാര്‍ഷിക പ്രീമിയം അടയ്‌ക്കേണ്ട ആവശ്യമില്ല.
  • ആജീവനാന്ത സംരക്ഷണം ലഭിക്കും.
  •  അംഗത്വമെടുത്ത് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.
  • അംഗത്വമായി ചേരുന്നതിന് യാതൊരുവിധ വൈദ്യപരിശോധനയും ആവശ്യമില്ല.
  • കാന്‍സര്‍ രോഗികളല്ലാത്ത, നേരത്തേ കാന്‍സര്‍ ബാധിച്ചിട്ടില്ലാത്ത ഏതൊരു പൗരനും ഈ പദ്ധതിയില്‍ അംഗമാകാം.

അപേക്ഷാഫോറം ആര്‍.സി.സി.യില്‍ നിന്ന് നേരിട്ടോ തപാലിലോ ലഭ്യമാണ്.

അംഗത്വഫീസ് ആര്‍.സി.സി. കാഷ് കൗണ്ടറില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 3.30 പി.എം.വരെ പണമായി അടച്ച് അംഗമാകാം. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് അക്കൗണ്ട്, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം എന്ന പേരില്‍ ഡി.ഡി.യോ, ചെക്കോ സഹിതം ഡയറക്ടര്‍, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളേജ് പി.ഒ. തിരുവനന്തപുരം-11 എന്ന വിലാസത്തില്‍ തപാലിലും അപേക്ഷ സമര്‍പ്പിക്കാം.

ഇതില്‍ ചേര്‍ക്കുന്നതിന് ഏജന്‍റ്മാരോ ഇടനിലക്കാരോ ഇല്ല. 

0471-2522324, 2522288 എന്നീ ആര്‍.സി.സി. യിലെ ഫോണ്‍നമ്പരില്‍ വിശദാംശങ്ങള്‍ കിട്ടും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെയോ അല്ലെങ്കില്‍ ഇവിടെയോ ക്ലിക്ക് ചെയ്യുക


കാന്‍സര്‍ ലക്ഷണങ്ങള്‍
ഉണങ്ങാത്ത മുറിവുകള്‍, പ്രത്യേകിച്ച് വായില്‍, ശരീരത്തിലുണ്ടാകുന്ന മുഴകളും തടിപ്പും പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളില്‍ അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം, ആഹാരമിറക്കാനുള്ള പ്രയാസം, വയറുകടി ഇല്ലാത്തപ്പോഴുണ്ടാകുന്ന വയറുവേദന, തുടര്‍ച്ചയായ ശബ്ദമടപ്പും ചുമയും എന്നിവയാണ് കാന്‍സറിന്‍റെ സൂചനകള്‍ ആയേക്കാം.

കാന്‍സര്‍ എങ്ങനെ തടയാം
500ഗ്രാം മുതല്‍ 800ഗ്രാം വരെ പച്ചക്കറികളും പഴങ്ങളും ദിനംപ്രതി ഉപയോഗിക്കുക, ഉയര്‍ന്ന തോതില്‍ ആന്‍റിഓക്‌സിഡന്‍റ് അടങ്ങിയിട്ടുള്ള ചീര, കാബേജ്, കാരറ്റ്, കോളിഫ്‌ളവര്‍, മുളക്, തക്കാളി, മത്തന്‍, മധുരക്കിഴങ്ങ്, ഗ്രീന്‍പീസ്, നാരങ്ങ, വെളുത്തുള്ളി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയം ചെയ്താല്‍ കാന്‍സര്‍ രോഗംവരാതെ ശരീരത്തെ സംരക്ഷിക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കുന്ന ബീറ്റാകരോട്ടിന്‍ കൂടിയതോതില്‍ മേല്‍പ്പറഞ്ഞ പച്ചക്കറികളില്‍ ഉണ്ട്. കൂണ്‍, പപ്പായ, നെല്ലിക്ക, അവക്കാഡൊ, മുള്ളുള്ള ആത്തച്ചക്ക തുടങ്ങിയവയും കാന്‍സറിനെ പ്രതിരോധിക്കും. നിറമുള്ള പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കണം. 

കൊഴുപ്പേറിയ ഭക്ഷണം ഒഴിവാക്കണം. മത്സ്യവും ഇറച്ചിക്കോഴിയും ഉപയോഗിക്കാം. മറ്റ് ഇറച്ചികള്‍ കുറയ്ക്കണം. കരിഞ്ഞ ഭക്ഷണം ഒഴിവാക്കണം. സ്തനങ്ങള്‍ പതിവായി സ്വയം പരിശോധിക്കണം. തടിപ്പോ മുഴയോ വേദനയോ തോന്നുന്നുവെങ്കില്‍ മാമോഗ്രാഫി ചെയ്യണം. 30 വയസ്സിന് മുകളില്‍ പ്രായമുള്ള വിവാഹിതരായ എല്ലാ സ്ത്രീകളും പാപ്‌സ്മിയര്‍ പരിശോധന നടത്തണം. അല്ലെങ്കില്‍ ഹ്യുമന്‍ പാപിലോമാ വൈറസ് ഡി.എന്‍.എ. ടെസ്‌റ്റോ, ലിക്യുഡ് ബേസ്ഡ് സൈറ്റോളജി (എല്‍.ബി.സി.) ടെസ്‌റ്റോ നിര്‍ബന്ധമായും നടത്തണം. പുകവലി ഉപേക്ഷിക്കണം. പുകയിലയും മദ്യവും ഒഴിവാക്കണം. പതിവായി വ്യായാമം ചെയ്യണം.


പാവപെട്ട കാന്‍സര്‍ രോഗികളെയും, അവരുടെ കുടുംബാംഗങ്ങളേയും സാമൂഹ്യമായും, വൈകാരികമായും, സാമ്പത്തികമായും സഹായിക്കുന്ന  'ആശ്രയ' - എന്ന സംഘടനയെ കുറിച്ച് ഇവിടെ വായിക്കാം.

No comments: