Friday, August 23, 2013

കേരള ആര്‍.ടി.സി. അധികൃതര്‍ക്ക് ബാംഗൂര്‍ മലയാളികളുടെ നിവേദനം

പഠനങ്ങളും സൂചനകളും പ്രകാരം ഈ ദശകത്തില്‍ മലയാളികളുടെ ഏറ്റവും വലിയ കുടിയേറ്റം ബാംഗൂരിലേക്കാണ്.
ലഭ്യമായ കണക്കനുസരിച്ച് ബാംഗൂരിലെ മലയാളികളുടെ എണ്ണം 12 ലക്ഷം. ജോലിക്കും പഠനത്തിനുമായി മാസം തോറും എത്തിക്കൊണ്ടിരിക്കുന്നതു പതിനായിരക്കണക്കിനാളുകള്‍. ബാംഗൂരിലെ ജനസംഖ്യയുടെ 13 ശതമാനത്തിലധികവും മലയാളികളാണ്. മൈസൂര്‍, മണ്ഡ്യ, ബെല്ലാരി തുടങ്ങി കര്‍ണാടകയുടെ മറ്റു ഭാഗങ്ങളിലുമുണ്ട് പതിനായിരക്കണക്കിനു മലയാളികള്‍.
എന്നാല്‍ കുടിയേറ്റം തുടങ്ങിയ കാലം മുതല്‍ മലയാളികള്‍ക്കു കേരളത്തിലേക്കും തിരിച്ചുമുള്ള യാത്ര എന്നും ദുരിതപൂര്‍ണമാണ്. ആവശ്യത്തിനു ട്രെയിനുകളും ബസുകളുമില്ലാത്തതു തന്നെ പ്രശ്നം.
ഓരോ ബജറ്റിലും മലയാളിയെ തഴയുന്ന റയില്‍വേയ്ക്കു മാത്രമല്ല, കേരളത്തിന്റെ സ്വന്തം കെഎസ്ആര്‍ടിസിക്കും യാത്രാ ആവശ്യങ്ങള്‍ തൃപ്തികരമായി നിറവേറ്റാനാവുന്നില്ല. അതേസമയം കര്‍ണാടക ആര്‍ടിസിയും സ്വകാര്യ ബസുകളും ഇതു മുതലാക്കുന്നു. ലാഭകരമായി സര്‍വീസ് നടത്തി അവര്‍ വിജയം കൊയ്യുന്നു.
പ്രതിദിനം 42 സര്‍വീസുകളുണ്ടെങ്കിലും കേരള ആര്‍ടിസിക്ക് ഇവര്‍ക്കൊപ്പമെത്താനാകാത്തതിനു കാരണമായി അനായാസം പരിഹരിക്കാവുന്ന ഒട്ടേറെ കാര്യങ്ങള്‍് മനോരമ നടത്തിയ അഭിപ്രായ സര്‍വേയിലും പഠനത്തിലും ഉയര്‍ന്നുവന്ന്ു. കഴമ്പുള്ള ഈ പരാതികള്‍ക്കെല്ലാം പരിഹാരമുണ്ടായാല്‍ ഫലം കെഎസ്ആര്‍ടിസിക്കു ന്യായമായ പ്രവര്‍ത്തന ലാഭവും മലയാളികളുടെ യാത്രാക്ളേശത്തിനു വലിയൊരളവോളം അറുതിയുമായിരിkക്കും.
അതിനു വേണ്ടത്, ഇത്ര മാത്രം- കേരള ആര്‍ടിസി മാനേജ്മെന്റ് ദൃഢനിശ്ചയമെടുത്താല്‍ ഈ ഒാണക്കാലത്തിനു മുന്‍പേ തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍.
ദൂരയാത്രയ്ക്ക് പറ്റാത്ത പഴയ ബസുകള്‍ മാറണം
കേരളആര്‍ടിസിയോടുള്ള പ്രധാന പരാതി കാലപ്പഴക്കം ചെന്ന ബസുകളെക്കുറിച്ചാണ്. ദീര്‍ഘദൂരയാത്രയ്ക്കു ചേരാത്ത ബസുകളാണ് ബാംഗൂരിലേക്ക് ഓടുന്നവയിലേറെയും. ബാഗ് വയ്ക്കാനോ, കാലൊന്നു നീട്ടിവയ്ക്കാനോ പറ്റില്ല. സീറ്റുകളും അസ്വസ്ഥത ഉളവാക്കുന്നവയാണ്. കര്‍ണാടക ട്രാന്‍സ്പോര്‍ട് കോര്‍പറേഷനും സ്വകാര്യ ബസുകളും മികച്ച സൌകര്യം നല്‍കുമ്പോഴാണിത്.
എവിടെ നിന്നും റിസര്‍വ് ചെയ്യാന്‍ സൌകര്യം
ഓണ്‍ലൈന്‍വഴിയും നേരിട്ടും കേരള ആര്‍ടിസിയില്‍ ടിക്കറ്റെടുക്കുക എളുപ്പമല്ല. ബാംഗൂരില്‍ മജസ്റ്റിക്, സാറ്റ്ലൈറ്റ് ബസ്സ്റ്റാന്‍ഡുകളില്‍ മാത്രമേ നേരിട്ടു ടിക്കറ്റെടുക്കാന്‍ സൌകര്യമുള്ളു. ഇലക്ട്രോണിക് സിറ്റി, മഡിവാള പോലെ ദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് ഇവിടെയെത്തി ടിക്കറ്റെടുക്കല്‍ അസൌകര്യമാണ്.
നഗരത്തില്‍ മലയാളികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കര്‍ണാടക ആര്‍ടിസി മാതൃകയില്‍ റിസര്‍വേഷന്‍ ഫ്രാഞ്ചൈസികള്‍ തുടങ്ങിയാല്‍ ഇതിനു പരിഹാരമാകും. കര്‍ണാടക ആര്‍ടിസിക്കും സ്വകാര്യ ബസുകള്‍ക്കും നഗരത്തിനുള്ളില്‍ ഒട്ടേറെ റിസര്‍വേഷന്‍ ഫ്രാഞ്ചൈസികളുണ്ട്.

ഒാണ്‍ലൈന്‍ റിസര്‍വേഷന് പോരായ്മകള്‍
ഓണ്‍ലൈന്‍ റിസര്‍വേഷനിലും കേരളആര്‍ടിസി ഏറെ പിന്നിലാണ്. സാങ്കേതിക പോരായ്മയാണു പ്രധാനം. ഫലം റിസര്‍വേഷനും ബാങ്കിങ് ഇടപാടുകളും ശ്രമകരം. ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ കിട്ടാനും കാലതാമസമെടുക്കുന്നു.
ബാംഗൂരില്‍ നിന്നു കേരളത്തിലേക്ക് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെങ്കിലും കേരളത്തിന്റെ പല ഭാഗത്തു നിന്നും ബാംഗൂരിലേക്ക് ഇങ്ങനെ ടിക്കറ്റെടുക്കാന്‍ സാധിക്കില്ല. തലശേരി പോലുള്ള സ്ഥലങ്ങളില്‍ നിന്നു കെഎസ്ആര്‍ടിസിയില്‍ ബാംഗൂരിലേക്കു പോകാന്‍ കൌണ്ടറില്‍ ചെന്നു നേരിട്ട് ടിക്കറ്റെടുക്കണം.
കര്‍ണാടകയുടെയും സ്വകാര്യ ബസുകളുടെയും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഏറെ സൌകര്യപ്രദമാണ്. ഇന്റര്‍നെറ്റിലൂടെ മാത്രമല്ല മൊബൈല്‍വഴിയും എളുപ്പത്തില്‍ ടിക്കറ്റെടുക്കാം. ഇവയുടെയെല്ലാം മുന്‍കൂര്‍ ബുക്കിങ് 30 ദിവസം മുന്‍പ് തുടങ്ങുകയും ചെയ്യും. കേരളആര്‍ടിസിയിലാകട്ടെ 21 ദിവസം മുന്‍പേ റിസര്‍വേഷന്‍ ആരംഭിക്കൂ. കര്‍ണാടകയുടെയും സ്വകാര്യ ബസുകളുടെയും ഉയര്‍ന്ന നിരക്കിലുള്ള ടിക്കറ്റുകളിലേറെയും വിറ്റഴിയുന്നത് ഒാണ്‍ലൈന്‍ റിസര്‍വേഷനിലൂടെയാണെന്നതും ശ്രദ്ധേയം.
ബാംഗൂര്‍ നഗരത്തില്‍ കയറാത്ത ബസുകള്‍
സേലം, കോയമ്പത്തൂര്‍ വഴിയുള്ള സര്‍വീസുകളൊഴിച്ചു കേരള ആര്‍ടിസിയുടെ ബസുകളൊന്നും ബാംഗൂര്‍ നഗരത്തിനുള്ളില്‍ കയറുന്നില്ല. മലബാറിലേക്കും നിലമ്പൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കോട്ടയം, പാലാ എന്നിവിടങ്ങളിലേക്കും മൈസൂര്‍വഴിയുള്ള ബസുകള്‍ സാറ്റലൈറ്റ് ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് പുറപ്പെടുന്നത്. സിറ്റി ബസുകളില്‍ മണിക്കൂറുകള്‍ സഞ്ചരിച്ചുവേണം ഇവിടെയെത്തി ബസ് പിടിക്കാന്‍. അസമയത്ത് നാട്ടില്‍നിന്നു തിരികെ വരുമ്പോള്‍ ഇതിന്റെ ബുദ്ധിമുട്ട് വിവരണാതീതം.
മഡിവാള, ഇലക്ട്രോണിക് സിറ്റി, ജയനഗര്‍, ബിടിഎം, ബെന്നാര്‍ഘട്ടെ, സര്‍ജാപുര, ബൊമ്മനഹള്ളി, ബേഗൂര്‍ തുടങ്ങി നഗരത്തിന്റെ തെക്കന്‍ മേഖലയിലുള്ളവരാണ് ഇതുമൂലം ഏറെ വിഷമിക്കുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷനുകള്‍ക്കെല്ലാം ശാന്തിനഗറിലെ ബസ്സ്റ്റാന്‍ഡില്‍ റിസര്‍വേഷന്‍ കൌണ്ടറും പാര്‍ക്കിങ് സൌകര്യവുമുണ്ട്. പക്ഷേ, കേരളത്തിനുമാത്രം ഇവിടെ പ്രവേശനമില്ല. മലബാര്‍ ഭാഗത്തേക്കുള്ള ബസുകള്‍ കോറമംഗലയില്‍ നിന്നോ ശാന്തിനഗറില്‍ നിന്നോ പുറപ്പെട്ടാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് വളരെ കുറയും.
സ്പെഷല്‍ ബസുകള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കണം
ഓണം, ക്രിസ്മസ്, വിഷു, റമസാന്‍ തുടങ്ങി നാട്ടിലേക്കു തിരക്കു കൂടുതലുള്ള സമയങ്ങളില്‍ സ്പെഷല്‍ ബസുകള്‍ അനുവദിക്കുന്നതില്‍ കേരള ആര്‍ടിസിക്കു വലിയ വീഴ്ച സംഭവിക്കുന്നു. അവധിക്കാലം മുന്‍കൂട്ടി കണ്ട് കര്‍ണാടക ആര്‍ടിസിയും സ്വകാര്യ ഏജന്‍സിയും ഒരുമാസം മുന്‍പേ സ്പെഷല്‍ ബസുകള്‍ പ്രഖ്യാപിക്കുകയും മുന്‍കൂര്‍ റിസര്‍വേഷന്‍ തുടങ്ങുകയും ചെയ്യും.
നിരക്കു കൂടിയ ഈ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്ന ശേഷം അവസാന നിമിഷമാണ് കേരളം ഒന്നോ രണ്ടോ സ്പെഷല്‍ ബസുകള്‍ അനുവദിക്കുക. തിരക്കേറിയ ദിവസങ്ങളില്‍ കര്‍ണാടക 20 സ്പെഷല്‍ ബസുകള്‍ വരെ കേരളത്തിലേക്ക് ഓടിക്കാറുണ്ട്. മലയാളിയുടെ ദേശീയാഘോഷമായിട്ടും ഓണത്തിനുള്ള സ്പെഷല്‍ ബസുകളുടെ കാര്യത്തില്‍ കേരള ആര്‍ടിസി ഇനിയും തീരുമാനമെടുത്തിട്ടില്ല. കര്‍ണാടകയാകട്ടെ ഇതിനകം 14 സ്പെഷല്‍ ബസുകള്‍ കേരളത്തിലേക്ക് അനുവദിച്ചു കഴിഞ്ഞു.
മെക്കാനിക്കിന്റെ അഭാവം മൂലം സര്‍വീസ് മുടക്കം
നിലവില്‍ ബാംഗൂരില്‍ നിന്നു പ്രതിദിനം 42 കെഎസ്ആര്‍ടിസി സര്‍വീസുകളുണ്ടെങ്കിലും എല്ലാ ദിവസവും ഇവയെല്ലാം ഓടാറില്ല. ബസുകള്‍ കൃത്യമായി സര്‍വീസ് നടത്താത്തതിനാല്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയോടു മുഖം തിരിക്കുന്നു.
മുന്‍കൂട്ടി റിസര്‍വേഷന്‍ സ്വീകരിക്കുന്ന സര്‍വീസുകള്‍ ബസിന്റെ അഭാവം മൂലം പലപ്പോഴും റദ്ദാകുന്നുമുണ്ട്. അവസാനനിമിഷം സര്‍വീസ് റദ്ദാകുന്നത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു.
സ്വന്തമായി മെക്കാനിക്ക് ഇല്ലാത്തതിനാല്‍ ബസുകളുടെ ചെറിയ പണികള്‍ക്കു പോലും വളരെ സമയമെടുക്കുന്നു. ഇപ്പോള്‍ കര്‍ണാടക ആര്‍ടിസിയുടെ മെക്കാനിക്കിനെയോ അല്ലെങ്കില്‍ പുറത്തു നിന്നുള്ളവരെയോ ആണ് ചെറിയ പണികള്‍ക്കു പോലും ആശ്രയിക്കുന്നത്. ഇതുമൂലം 10 മിനിറ്റില്‍ തീരേണ്ട ജോലിപോലും മണിക്കൂറുകളോളം എടുക്കും. സര്‍വീസ് വൈകാനും ഇത് ഇടയാക്കും.
വേണ്ടത്ര കംപ്യൂട്ടര്‍ പോലുമില്ലാത്ത ഒാഫിസ്
ഓണ്‍ലൈന്‍ വഴി ഏറ്റവുമധികംപേര്‍ ടിക്കറ്റെടുക്കുന്ന കെഎസ്ആര്‍ടിസിയുടെ ബാംഗൂരിലെ കംപ്യൂട്ടര്‍ സംവിധാനം കാലപ്പഴക്കം ചെന്നവയാണ്.
ആകെ രണ്ടു കൌണ്ടറിലുമായുള്ള രണ്ടു കംപ്യൂട്ടറിലൂടെയാണ് പ്രതിദിനം ആയിരക്കണക്കിനു ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. ഇവയിലേതെങ്കിലും പണിമുടക്കിലായാല്‍ റിസര്‍വേഷനെ പ്രതികൂലമായി ബാധിക്കും.



കേരളത്തിന് എസി ബസ് രണ്ട്; കര്‍ണാടകയ്ക്ക് 50
ഐടി ജോലിക്കാര്‍ ഏറെയുള്ള ബാംഗൂരിലേക്ക് കേരള ആര്‍ടിസിക്കു പേരിനു മാത്രമേ എസി ബസുകളുള്ളു.

കര്‍ണാടക ആര്‍ടിസി ദിവസേന കേരളത്തിലേക്കും തിരിച്ചുമായി അന്‍പതോളം വോള്‍വോ എസി ബസുകള്‍ ഓടിക്കുമ്പോള്‍ കേരളത്തിന് ഇരുഭാഗത്തേക്കുമായുള്ളത് രണ്ട് എസി ബസുകള്‍ മാത്രം. തിരുവനന്തപുരത്തേക്കുള്ള ഈ സര്‍വീസില്‍ എന്നും നിറയെ യാത്രക്കാരുമുണ്ട്.
എറണാകുളം, തൃശൂര്‍, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലേക്കും എസി സര്‍വീസ് തുടങ്ങിയാല്‍ യാത്രക്കാര്‍ക്കും കെഎസ്ആര്‍ടിസിക്കും ഒരുപോലെ പ്രയോജനകരമാകും.
ഇവിടേക്കെല്ലാം കര്‍ണാടകയുടെയും സ്വകാര്യ ഏജന്‍സികളുടെയും വോള്‍വോ ബസുകള്‍ ധാരാളം. കേരള ബസുകളെക്കാള്‍ ഉയര്‍ന്ന നിരക്കാണെങ്കിലും ഇവയില്‍ നിറയെ യാത്രക്കാരുമുണ്ട്.

നിരക്കു കുറഞ്ഞ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും എസി ബസുകളും ആരംഭിച്ചാല്‍ എല്ലാവിഭാഗത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും പ്രയോജനകരമാകും.
Source: Malayala Manorama

No comments: